എം.സുരേഷ്ബാബു
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനായി സംസ്ഥാന ബജറ്റ് ജനുവരിയിൽ അവതരിപ്പിക്കാൻ സർക്കാർതലത്തിൽ ധാരണയായി. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് ജനപ്രിയവും ജനക്ഷേമവുമായ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി പരമാവധി ജനങ്ങളുടെ പിന്തുണ നേടിയെടുക്കാനാണ് സർക്കാർ കണക്ക് കൂട്ടുന്നത്.
മുൻ വർഷങ്ങളിൽ ഫെബ്രുവരി അവസാനവാരത്തിലും മാർച്ച് ആദ്യവാരത്തിലുമാണ് നിയമസഭയിൽ ധനകാര്യമന്ത്രി ബജറ്റ് അവതരിപ്പിച്ച് വന്നിരുന്നത്. ബജറ്റ് അവതരണം നടത്തിയാലും പാസാക്കിയെടുക്കാൻ നിരവധി നടപടിക്രമങ്ങളും ചർച്ചകളും നടത്തേണ്ടതുണ്ട്.
ഇതിനായി ഒരുമാസത്തിലേറെക്കാലം വേണ്ടിവരും. അടുത്ത ഫെബ്രുവരിയിലൊ മാർച്ചിലൊ ബജറ്റ് അവതരിപ്പിച്ചാൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നഘട്ടത്തിലായിരിക്കും ബജറ്റ് പാസ്സാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടി വരിക.
ഇത് തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ കാര്യങ്ങൾക്ക് തടസ്സം ഉണ്ടാക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് 2024 ജനുവരിയിൽ അവതരിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇതിന് വേണ്ടി ധനകാര്യവകുപ്പും പ്ലാനിംഗ് ബോർഡും ചർച്ചകളും നടപടികളും ആരംഭിച്ചു.
കഴിഞ്ഞ ബജറ്റിൽ സാധാരണക്കാർക്ക് നികുതിഭാരം അടിച്ചേൽപ്പിച്ചുവെന്ന വിമർശനം ഉയർന്നിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കവെ ജനക്ഷേമവും ജനപ്രിയവുമായ പദ്ധതികളും നിർദേശങ്ങളും ഉൾപ്പെടുത്തി ജനങ്ങളെ കൈയിലെടുക്കണമെന്നാണ് സർക്കാർ -പാർട്ടി കേന്ദ്രങ്ങൾ അഭിപ്രായപ്പെടുന്നത്.
ജനപ്രിയ ബജറ്റിലൂടെ ലോക്സഭ തെരഞ്ഞെടുപ്പിൽ നല്ല നേട്ടം കൈവരിക്കണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റ് യുഡിഎഫ് കരസ്ഥമാക്കിയപ്പോൾ ഒരു സീറ്റ് മാത്രമാണ് എൽഡിഎഫിന് ലഭിച്ചത്.
ഈ അവസ്ഥക്ക് മാറ്റം വരണമെന്നും പരമാവധി സീറ്റുകൾ പിടിച്ചെടുക്കണമെന്നുമാണ് പാർട്ടിയിലെ ഉന്നത നേതാക്കളുടെ നിലപാട്.സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളും വിമർശനങ്ങളും ബജറ്റിൽ ജനക്ഷേമ നിർദേശങ്ങൾ ഉൾപ്പെടുത്തി പ്രഖ്യാപിച്ച് കൊണ്ട് പ്രതിരോധിക്കാനുള്ള തയാറെടുപ്പ് വേണമെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്.