സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ചിക്കന്‍ സെപ്തംബറില്‍ വിപണിയിലേക്ക്. നേരത്തെ പദ്ധതി ആരംഭിച്ചെങ്കിലും ചിക്കന്‍ വിപണിയിലെത്തിക്കുക സെപ്തംബര്‍ മുതലായിരിക്കും. വില കിലോയ്ക്ക് 85 രൂപ. ശുദ്ധമായ രീതിയില്‍ മാംസോല്‍പ്പാദനവും ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനവും ഉറപ്പാക്കുന്ന കേരള ചിക്കന്‍ ലൈവ് ഔട്ട് ലെറ്റുകളിലൂടെയാണ് കോഴികളെ വില്‍പ്പന നടത്തുക.
കടകളുടെ ബ്രാന്‍ഡിംഗ്, ആധുനികവല്‍ക്കരണം, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവ നിലവില്‍ വരുന്നതോടെ ഇറച്ചിക്കോഴി വിപണനമേഖലയും കാലാനുസൃതമായി നവീകരിക്കപ്പെടും . കമ്പോളവില താഴുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം വിലസ്ഥിരതാ ഫണ്ടിലൂടെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.
സ്വന്തമായി ഇറച്ചിക്കോഴി വളര്‍ത്തി വിപണനം ചെയ്യുമ്പോള്‍ വിപണിയിലെ ചാഞ്ചാട്ടം മൂലം ഉണ്ടാകാവുന്ന വലിയ നഷ്ടത്തില്‍ നിന്നും കര്‍ഷകരും മോചിതരാകും. ആകെ ലാഭത്തില്‍ നിന്ന് ഒരു വിഹിതത്തിനും കൃഷിക്കാര്‍ക്ക് അര്‍ഹതയുണ്ട്. കൂടാതെ അപ്രതീക്ഷിതമായി കര്‍ഷകര്‍ക്ക് വരാവുന്ന നഷ്ടം നികത്താനായി ലാഭവിഹിതത്തില്‍ നിന്നും ഒരു ഭാഗം റിസ്‌ക് ഫണ്ട് ആയി മാറ്റിവെക്കും.
ഇറച്ചിക്കോഴി വളര്‍ത്തലില്‍ ഏറ്റവും പ്രധാന ഉല്‍പ്പാദനോപാധിയായ കുഞ്ഞുങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കാന്‍ നോഡല്‍ ഏജന്‍സിയായ ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റി സംവിധാനമുണ്ടാക്കിയിട്ടുണ്ട്.