ജെവിൻ കോട്ടൂർ
കോട്ടയം: ഇറച്ചിക്കോഴി വിപണിയിലെ തമിഴ്നാട് ആധിപത്യം തകർക്കാൻ കേരളത്തിന്റെ സ്വന്തം ചിക്കൻ എത്തുന്നു. ഇറച്ചിക്കോഴി വിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും തമിഴ്നാടിന്റെ ആധിപത്യം അവസാനിപ്പിക്കാനുമാണു സർക്കാർ കുടുംബശ്രീമിഷന്റെ സഹായത്തോടെ കേരള ചിക്കൻ എന്ന പേരിൽ കോഴി വിപണിയിലെത്തിക്കുന്നത്.
കേരളത്തിലെ 14 ജില്ലകളിലേയും കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ കോഴി വളർത്തൽ നടത്താനാണു ലക്ഷ്യമിടുന്നത്. രാജ്യത്തെ വൻകിട ബ്രോയിലർ ഏജൻസിയിൽ നിന്നു മുട്ടകൾ വാങ്ങി വെറ്ററിനറി സർവകലാശാലയിലേതുൾപ്പെടെയുള്ള 20 ഹാച്ചറികളിൽ വിരിയിച്ചു കുടുംബശ്രീക്കു കൈമാറാനാണ് പദ്ധതി.
പദ്ധതി യാഥാർഥ്യമായാൽ മൂന്നു മാസത്തിനുള്ളിൽ സംസ്ഥാനത്ത് തന്നെ വളർത്തിയ ഇറച്ചികോഴികളെ വിപണിയിൽ എത്തിക്കാൻ കഴിയും. ഒരു കുടുംബശ്രീ യൂണിറ്റിന് 1,000 കോഴിക്കുഞ്ഞുങ്ങൾ എന്ന നിലയിൽ 5,000 യൂണിറ്റുകൾ വഴി 50 ലക്ഷം കോഴികളെ വളർത്തിയെടുക്കാനാണു പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ 1,000 കുഞ്ഞുങ്ങളെ വീതം 500 യൂണിറ്റുകൾക്കു നൽകും. മുട്ട 21 ദിവസത്തിനകം വിരിയും. 45 ദിവസം വളർച്ചയായ കോഴികളെ വിപണിയിൽ എത്തിക്കാം. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെയാണു കുടുംബശ്രീ യൂണിറ്റുകൾക്കു നല്കുന്നത്. 45 ദിവസത്തിനുശേഷം കോഴികളെ യൂണിറ്റുകളിൽ നിന്നും തിരികെ വാങ്ങി കെപ്കോ വഴി വിൽപന നടത്താനാണു പദ്ധതി ലക്ഷ്യമിടുന്നത്
. തുടർന്നു മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ, വയനാട്ടിലെ ബ്രഹ്മഗിരി ഡയറി ഫാം എന്നിവ മുഖേനയും ഘട്ടം ഘട്ടമായി വിൽപന കേന്ദ്രങ്ങൾ ആരംഭിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഒരു പഞ്ചായത്തിൽ അഞ്ച് കുടുംബശ്രീ യൂണിറ്റുകൾക്കാണു പദ്ധതിക്കായി അനുമതി നൽകാൻ ഉദേശിച്ചിരിക്കുന്നത്. ഇത്തരം യൂണിറ്റുകൾക്കു 1200 സ്ക്വയർ ഫീറ്റിൽ കോഴികളെ വളർത്താനുള്ള കൂടും മറ്റു സൗകര്യങ്ങളും സംസ്ഥാന കുടുംബശ്രീമിഷൻ നല്കും.
ആദ്യഘട്ടത്തിൽ കോട്ടയം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണു പദ്ധതി നടപ്പാക്കുന്നത്. നിലവിൽ വിവിധ ജില്ലകളിലായി 30ൽപ്പരം കുടുംബശ്രീ യൂണിറ്റുകൾ കോഴിവളർത്തലിൽ ഏർപ്പെട്ടിട്ടുണ്ട്. ഇത്തരം യൂണിറ്റുകളെയും പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയേക്കും. പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സിഡിഎസ് മുഖേന യൂണിറ്റുകളെ കണ്ടെത്തുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
യൂണിറ്റുകളെ കണ്ടെത്തിക്കഴിഞ്ഞാൽ അവർക്കു ആവശ്യമായ പരിശീലനം കൂടി നല്കി മാത്രമേ ഇറച്ചിക്കോഴി വളർത്തലിലേക്കു ഇറങ്ങുകയുള്ളൂ. ബ്രോയിലർ ഏജൻസികളിൽ നിന്നും മുട്ട വാങ്ങാൻ സർക്കാർ ആദ്യ ഘട്ടത്തിൽ അഞ്ചു കോടി രൂപ അനുവദിക്കുമെന്നു കുടുംബശ്രീമിഷൻ അധികൃതർ പറഞ്ഞു. കോഴിത്തീറ്റ സർക്കാർ ഏജൻസികളിൽ നിന്നു നൽകും. വെറ്ററിനറി സർവകലാശാല മുഖേന കൂടുതൽ തീറ്റ ഉൽപാദിപ്പിക്കാനും പദ്ധതിയുണ്ട്.