തിരുവനന്തപുരം: ന്യൂനമർദം ചുഴലിക്കാറ്റായി രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിന് ആശങ്കയുടെ ദിനങ്ങൾ. അതിതീവ്ര ന്യൂനമർദനം 16ന് ചുഴലിക്കാറ്റായി മാറുമെന്നാണ് വിലയിരുത്തൽ.
തീരത്തിനോടടുത്തു രൂപപ്പെടുന്നതിനാൽ മധ്യ-വടക്കൻ കേരളത്തിൽ ഇതിന്റെ അലയൊലികൾ ശക്തമാകും.
സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റ് ഉണ്ടാകാം.
ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്നു റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ടൗട്ടേ ചുഴലിക്കാറ്റ്
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഞായറാഴ്ചയോടെ ടൗട്ടേ ചുഴലിക്കാറ്റാകും. മ്യാന്മറാണ് ചുഴലിക്കാറ്റിന് ഈ പേരു നിര്‍ദേശിച്ചത്.
ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലിൽ ഇന്നു രാവിലെയോടെ രൂപപ്പെട്ട ന്യുനമര്‍ദം ശക്തിപ്രാപിച്ചു നാളെ രാവിലെയോടെ തീവ്രന്യുന മര്‍ദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി മാറി വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കും.
സഞ്ചാരപഥം തീരത്തിനടുത്ത്
ദേശീയ ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ കേരളത്തിലെത്തിയിട്ടുണ്ട്. ഇവരെ വയനാട് , മലപ്പുറം, കോഴിക്കോട്,തൃശൂര്‍, എറണാകുളം, പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി,കൊല്ലം എന്നീ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തോടു ചേർന്നായതിനാൽ കടൽ പ്രക്ഷുബ്ദമാകാനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കടലിൽ പോകരുത്
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും കടൽക്ഷോഭം രൂക്ഷമാണ്.
കോഴിക്കോട് കൊയിലാണ്ടി, കാപ്പാട്,തോപ്പയിൽ ഭാഗങ്ങളിലും തിരുവനന്തപുരത്ത് പൊഴിയൂരിലും കടൽക്ഷോഭം ശക്തമാണ്. ആലപ്പുഴയിലെ ഒറ്റമശേരി, വിയാനി, പുന്നപ്ര ഉൾപ്പെടെയുളള പ്രദേശങ്ങളിൽ തീരമേഖലയിലെ വീടുകളിൽ വെള്ളം കയറി.
അപകട സാധ്യതയുള്ള ജില്ലകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
കുട്ടനാട്ടിൽ വെള്ളപ്പൊക്കം തടയാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിനുള്ള ജോലികൾ തുടങ്ങി. തണ്ണീർമുക്കം ബണ്ടിന്റഎ 90 ഷട്ടറുകളിൽ 30 എണ്ണം ഉയർത്തി.
മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്നു വിളിക്കുന്നത്.