കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിൽ പുതിയ നേതൃസ്ഥാനം ആർക്കെന്ന കാര്യം വൈകും. പദവി സംബന്ധിച്ച ചർച്ചകൾ 15നു കെ.എം. മാണി അനുസ്മരണത്തിനുശേഷമോ അതല്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷമോ ഉണ്ടാവും. ചെയർമാൻ, നിയമസഭാകക്ഷിനേതാവ്, പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി എന്നീ കാര്യങ്ങളിലാണ് തീരുമാനമുണ്ടാകേണ്ടത്.
സ്ഥാനപദവികളിലേക്ക് ആരൊക്കെയെന്നതിൽ വ്യക്തത വരാത്തതിനാൽ കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന നേതൃയോഗങ്ങൾ മുന്നോട്ടുവയ്ക്കുകയായിരുന്നു. ചെയർമാനെ തെരഞ്ഞെടുക്കേണ്ട സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആരാവണം അധ്യക്ഷൻ എന്നതുൾപ്പെടെ കാര്യങ്ങളിൽ അനിശ്ചിതത്വമുണ്ട്. വർക്കിംഗ് ചെയർമാനും സീനിയർ നേതാവുമായ പി.ജെ. ജോസഫിന് നിയമസഭാ കക്ഷി നേതൃസ്ഥാനം നൽകി ജോസ് കെ. മാണി ചെയർമാനാകുക എന്ന ഫോർമുല ചിലർക്കുണ്ട്.
ധാരണയുണ്ടാകുന്നില്ലെങ്കിൽ സീനിയോരിറ്റിയിൽ രണ്ടാമനായ സി.എഫ്. തോമസിനു ചെയർമാൻ സ്ഥാനം നൽകണമെന്ന അഭിപ്രായവുമുണ്ട്. രണ്ടു മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ പാലാ അസംബ്ളി സീറ്റിലേക്കും മാണി വിഭാഗത്തിൽനിന്നുള്ളയാളാവും വരിക.
മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നിവരാണു കേരള കോണ്‍ഗ്രസിലെ മറ്റ് എംഎൽഎമാർ. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുശേഷം മതി നേതൃതെരഞ്ഞെടുപ്പെന്നും പദവിയുടെ പേരിൽ ഭിന്നതയുണ്ടാകരുതെന്നും താൽപര്യപ്പെടുന്നവരുമുണ്ട്. മുൻപ് കെ.എം. മാണി വഹിച്ചിരുന്ന മൂന്നു സ്ഥാനങ്ങളും തുടർന്നും ഒരാൾക്കെന്ന തീരുമാനത്തോട് പാർട്ടിയിൽ യോജിപ്പില്ല എന്നാണറിയുന്നത്.