കോട്ടയം: സഹകരണ ബാങ്കിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ഭിന്നത നിലനില്‍ക്കുന്നതിനിടയില്‍ കേരള കോണ്‍ഗ്രസിനെതിരേ കടുത്ത വിമര്‍ശനവുമായി സിപിഐയും രംഗത്ത്. സിപിഐ വിമര്‍ശനത്തെ യൂത്ത് ഫ്രണ്ടിനെ ഉപയോഗിച്ച് കേരള കോണ്‍ഗ്രസ്-എം നേരിട്ടതോടെ എല്‍ഡിഎഫില്‍ ഘടകകക്ഷികള്‍ തമ്മില്‍ ഭിന്നത രൂക്ഷമായി.
വിമർശനം സിപിഐ ജില്ലാ നേതൃക്യാമ്പിൽ
കഴിഞ്ഞ രണ്ടു ദിവസമായി കോട്ടയത്തു നടന്ന സിപിഐ ജില്ലാ നേതൃക്യാമ്പിലാണ് കേരള കോണ്‍ഗ്രസിനെതിരേ വിമര്‍ശനമുയര്‍ന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ചേര്‍ന്ന് സിപിഐയെ ഒറ്റപ്പെടുത്തിയെന്നാണ് ജില്ലാ സെക്രട്ടറി വി.ബി. ബിനു അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍ മേഖലകളില്‍ സിപിഎം കേരള കോണ്‍ഗ്രസ്-എമ്മിന് അമിതമായി സീറ്റു നല്കി സഹായിച്ചു. താഴെത്തട്ടില്‍ ഇടതു പാര്‍ട്ടികളുമായി കേരള കോണ്‍ഗ്രസിനു നല്ല ബന്ധമല്ല. ഇതു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചെന്നും ക്യാമ്പില്‍ വിമര്‍ശനമുയര്‍ന്നു.
കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനു ഭൂരിപക്ഷം ലഭിച്ച ഏക മണ്ഡലം സിപിഐയുടെ വൈക്കം മാത്രമാണെന്നും ഇതു മറക്കരുതെന്നും ക്യാമ്പില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കടലാസു പുലിയായിട്ടാണ് കേരള കോണ്‍ഗ്രസ്-എമ്മിനെ സിപിഐ ക്യാമ്പില്‍ ചിത്രീകരിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐ അര്‍ഹമായ സീറ്റ് ഇത്തവണ നേടിയെടുക്കണമെന്നും കേരള കോണ്‍ഗ്രസിനുവേണ്ടി ഒരു വിട്ടുവീഴ്ചയും വേണ്ടെന്നുമാണ് ക്യാമ്പില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വമാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.
തിരിച്ചടിച്ച് യൂത്ത് ഫ്രണ്ട്-എം
സിപിഐ വിമർശനത്തിനു പിന്നാലെ പാര്‍ട്ടി യുവജന സംഘടനയെ രംഗത്തിറക്കിയാണ് കേരള കോണ്‍ഗ്രസ്-എം സിപിഐയ്ക്കെതിരേ ഒളിയമ്പ് എയ്തിരിക്കുന്നത്.കേരള കോണ്‍ഗ്രസ്-എമ്മിനെ കടലാസ് പുലിയെന്ന് ആക്ഷേപിക്കുന്ന സിപിഐ കടലാസുപുലി പോലുമല്ല, പ്രസ്താവന കൊണ്ടു മാത്രം ജീവിക്കുന്ന പാര്‍ട്ടിയാണെന്നും യൂത്ത് ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് ഡിനു ചാക്കോ പ്രസ്താവനയില്‍ പറഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പേരില്‍ കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന സിപിഐ തങ്ങള്‍ മത്സരിച്ച എല്ലാ സീറ്റിലും തോറ്റു എന്നത് ഓര്‍ക്കണം. കേന്ദ്ര സര്‍ക്കാരിനെതിരായ ശക്തമായ പ്രതികരണം ഉണ്ടായപ്പോഴാണ് കേരളത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. ഇത് തിരിച്ചറിയാതെ കേരള കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന സിപിഐ മൂഢസ്വര്‍ഗത്തിലാണ് കഴിയുന്നത്.
സ്വന്തമായി പത്ത് വോട്ട് തികച്ചെടുക്കാനില്ലാത്ത, പത്ത് നേതാക്കളെ കൂട്ടാനില്ലാത്ത പാര്‍ട്ടിയായ സിപിഐ എല്‍ഡിഎഫിന്റെ നേതൃത്വം ആവശ്യപ്പെടുന്നത് എലി മല ചുമക്കുമെന്നു പറയുന്നതിന് തുല്യമാണെന്നും ഡിനു ചാക്കോ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമായപ്പോള്‍മുതല്‍ സിപിഐ ഒളിഞ്ഞും തെളിഞ്ഞും കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതു മുന്നണി മര്യാദയ്ക്ക് നിരക്കുന്നതല്ലെന്നും യൂത്ത് ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് ഡിനു ചാക്കോ പറഞ്ഞു.
സിപിഎം സഹകരണ ബാങ്കില്‍ സീറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ്-എം കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. പരസ്യപ്രസ്താവനകളും വിമര്‍ശനങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് ജില്ലാ നേതൃയോഗം ഉടന്‍ ചേരുമെന്നാണ് അറിയുന്നത്.