കോട്ടയം: യുഡിഎഫിൽനിന്ന് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിലേക്കു പോകുമോയെ ന്നതാണ് കോട്ടയത്തെ പ്രധാന രാഷ്ട്രീയ ചർച്ച ഇപ്പോൾ. ഇതു സംബന്ധിച്ചു വ്യക്തത വന്നാലുടൻ ജില്ലയിലെ രാഷ്ട്രീയ ചിത്രം മാറിമറിയും.
സംസ്ഥാനത്ത് ഏറ്റവും രാഷ്ട്രീയ ശ്രദ്ധ പതിയുന്ന ജില്ലയായി കോട്ടയം മാറും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഈ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ഫലം സീറ്റുവിഭജനത്തിനും സ്ഥാനാർഥി നിർണയത്തിനും നിമിത്തമായി മാറും.
യുഡിഎഫിലും എൽഡിഎഫിലും സീറ്റു ധാരണ വരേണ്ടതിനാൽ ഇതര ജില്ലകളേക്കാൾ സീറ്റ് വിഭജനം മുന്നോട്ടുപോയേക്കും. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങൾ ചേർന്ന മാണി വിഭാഗവും വ്യക്തമായ മേൽക്കൈ നേടിയ ജില്ലയാണ് കോട്ടയം.
ജില്ലാ പഞ്ചായത്തിൽ കോണ്‍ഗ്രസ്-എട്ട്, കേരള കോണ്‍ഗ്രസ്എം-ആറ്, ബ്ലോക്കുകളിൽ കോണ്‍ഗ്രസ് -53, കേരള കോണ്‍ഗ്രസ് എം-37, പഞ്ചായത്തുകളിൽ കോണ്‍ഗ്രസ്-319, കേരള കോണ്‍ഗ്രസ് എം-218, മുസലിം ലീഗ്-എട്ട്, കേരള കോണ്‍ഗ്രസ് ജേക്കബ്-രണ്ട്, നഗരസഭകളിൽ കോണ്‍ഗ്രസ്-55, കേരള കോണ്‍ഗ്രസ് എം-35, മുസ്ലിം ലീഗ്-ഒന്‍പത് എന്ന ക്രമത്തിൽ വിജയിച്ചിരുന്നു.
ജോസ് കെ. മാണി വിഭാഗം യുഡിഎഫ് വിടുന്ന സാഹചര്യത്തിൽ കേരള കോണ്‍ഗ്രസ് വിജയിച്ച ഏറെ സീറ്റുകളിൽ ജോസ്-ജോസഫ് വിഭാഗങ്ങൾ നേരിട്ടു മത്സരിക്കും. കോണ്‍ഗ്രസ് നേതൃത്വത്തിൽ അടുത്തയാഴ്ചയോടെ പ്രാഥമിക റൗണ്ട് ചർച്ചകൾ തുടങ്ങും.
എൽഡിഎഫിന് ജില്ലാ പഞ്ചായത്തിൽ സിപിഎം-ആറ്, സിപിഐ-ഒന്ന്, ബ്ലോക്കുകളിൽ സിപിഎം-37, സിപിഐ-11, പഞ്ചായത്തുകളിൽ സിപിഎം-280, സിപിഐ-78, നഗരസഭകളിൽ സിപിഎം-45, സിപിഐ-ഒന്‍പത് എന്നീ ക്രമത്തിലാണ് കക്ഷിനില. ജോസ് വിഭാഗം എത്തുന്ന സാഹചര്യത്തിൽ ഇടതുമുന്നണിയുടെ സീറ്റുകളിൽ വലിയ അഴിച്ചുപണിയുണ്ടാകും.
ബിജെപി പഞ്ചായത്തുകളിലാണ് ഇക്കുറിയും ശ്രദ്ധവയ്ക്കുന്നത്. നിലവിൽ ബ്ലോക്കുകളിൽ-ഒന്ന്, പഞ്ചായത്തുകളിൽ-73, നഗരസഭകളിൽ 18 എന്ന ക്രമത്തിൽ പ്രാതിനിധ്യമുണ്ട്. ജില്ലയിലെ 12 പഞ്ചായത്തുകളാണ് ബിജെപി ഇത്തവണ കൂടുതൽ ലക്ഷ്യമിടുന്നത്.
ബിജെപി മുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തിന് പഞ്ചായത്തുകളിൽ-മൂന്ന്, നഗരസഭകളിൽ-രണ്ട് അംഗങ്ങളുണ്ട്. ഒരു മുന്നണിയുമായും ബന്ധമില്ലാത്ത കേരള ജനപക്ഷത്തിന് ബ്ലോക്കുകളിൽ-മൂന്ന്, പഞ്ചായത്തുകളിൽ-23, നഗരസഭകളിൽ-മൂന്ന് എന്നിങ്ങനെയും പ്രാതിനിധ്യമുണ്ട്.
ജില്ലാ പഞ്ചായത്തിലെ ഏക വനിത അംഗം അടുത്തയിടെ മരണപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ നീക്കങ്ങൾ ജനപക്ഷം വ്യക്തമാക്കിയിട്ടില്ല.
എസ്ഡിപിഐ പഞ്ചായത്തുകളിൽ-ഒന്ന്, നഗരസഭകളിൽ-നാല് വീതം പ്രതിനിധികളുണ്ട്.
മുന്നണി ബന്ധങ്ങളിലെ അഴിച്ചുപണിയുടെ പശ്ചാത്തത്തിൽ കടുത്ത മത്സത്തിലേക്കാകും ജില്ലയുടെ ഏറെ പ്രദേശങ്ങളും നീങ്ങുക. നിയമസഭാ ഇലക്ഷൻ വരാനിരിക്കെ ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും നേതൃത്വം നൽകുന്ന കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ്-എം ജോസഫ് വിഭാഗത്തിനും കരുത്ത് തെളിയിക്കേണ്ടതുമുണ്ട്.