കോട്ടയം: മുൻ ധാരണകൾ സാധ്യമായാൽ കേരള കോണ്‍ഗ്രസിനു രണ്ടു മന്ത്രി സ്ഥാനം ലഭിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചിൽ കുറവാണ് സീറ്റെങ്കിൽ ഒരു മന്ത്രിസ്ഥാനവും അഞ്ചു സീറ്റ് ലഭിച്ചാൽ രണ്ടു മന്ത്രിസ്ഥാനവും നൽകാമെന്നാണ് കേരളാ കോണ്‍ഗ്രസുമായുള്ള ഇടതുമുന്നണി ധാരണയെന്നാണ് സൂചന.
കേരള കോണ്‍ഗ്രസിന്റെ ക്യാപ്റ്റൻ തോറ്റെങ്കിലും അഞ്ചു സീറ്റിൽ ജയിച്ച് കയറിയതോടെ ഇനി രണ്ടു മന്ത്രിസ്ഥാനം അവകാശപ്പെടാം. ആരെല്ലാം മന്ത്രിയാകും, ജോസ് കെ. മാണിക്ക് ഇനിയെന്ത് പദവി കിട്ടും എന്ന കാര്യത്തിലെല്ലാം ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
കേരള കോണ്‍ഗ്രസ് എമ്മിൽ റോഷി അഗസ്റ്റിനും എൻ. ജയരാജുമാണ് മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടേക്കാവുന്നത്. റോഷി അഗസ്റ്റിനാണ് പ്രഥമ പരിഗണന. എൻ. ജയരാജും പരിഗ ണനയിലുണ്ട്. മന്ത്രി സ്ഥാനത്തിനൊപ്പം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും കേരള കോണ്‍ഗ്രസിനു ലഭിച്ചേക്കാം.
തട്ടകത്തിലെ തോൽവിയെക്കുറിച്ചുള്ള പരിശോധന നടത്തുകയാണ് കേരള കോണ്‍ഗ്രസ്-എം. ഇടതുമുന്നണി ഭരണത്തുടർച്ച നേടിയപ്പോൾ വലിയ ഞെട്ടലുണ്ടാക്കിയ തോൽവികളിൽ ഒന്നാണ് ഘടകക്ഷി നേതാവായ ജോസ് കെ മാണിയുടെ പാലായിലെ തോൽവി.
പാലാ ചങ്കാണെന്ന് പറഞ്ഞ് പോരിനിറങ്ങിയ മാണി സി കാപ്പന് മുന്നിൽ 15,378 വോട്ടുകളുടെ വ്യത്യാസത്തിലാണ് ജോസ് കെ മാണി അടിയറവ് പറഞ്ഞത്. ജോസ് കെ മാണി തോറ്റ് കാണണമെന്ന് ആഗ്രഹിക്കുന്ന കേരളാ കോണ്‍ഗ്രസുകാർ തുനിഞ്ഞിറങ്ങിയതും മാണി സി കാപ്പനോടുള്ള സഹതാപ തരംഗവും തിരിച്ചടിയായതായി കണക്കാക്കുന്നു.
ബിജെപി വോട്ടുകൾ വ്യാപകമായി മാണി സി കാപ്പന് അനുകൂലമായി മറിഞ്ഞെന്ന ആക്ഷേപം ജോസ് കെ മാണി ഉന്നയിച്ചിരുന്നു. പണം കൊടുത്തത് ജോസ് കെ മാണിയാണെന്നും പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്നും കാപ്പനും പ്രതികരിച്ചിരുന്നു.
സിപിഎം സംഘടനാ സംവിധാനം നേരിട്ട് പാലായിൽ പ്രവർത്തിച്ചെങ്കിലും അനുഭാവ വോട്ടുകളിൽ വൻ കുറവാണ് ഉണ്ടായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇടത് അനുഭാവമുള്ള പാലാക്കാരുടെ വോട്ടത്രയും പിടിച്ചത് മാണി സി കാപ്പനാണെന്നാണ് വലിയ ഭൂരിപക്ഷം തെളിയിക്കുന്നത്.മാണി സി. കാപ്പൻ 69,804 വോട്ടും ജോസ് കെ. മാണി 54,426 വോട്ടുമാണ് പാലായിൽ നേടിയത്.