കൊല്ലം: കേരളാകോൺഗ്രസ് (ബി) പിളർപ്പിലേക്ക്. പത്ത് ജില്ലാപ്രസിഡന്റുമാരുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം പാർട്ടി വിട്ട് യുഡിഎഫിലേക്ക് ചേക്കേറാൻ ശ്രമം നടത്തുന്നത്.
പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള പാർട്ടി പ്രവർത്തന കാര്യത്തിൽ സജീവമല്ലാതായതോടെ കെ.ബി ഗണേഷ് കുമാർ നിയന്ത്രണം ഏറ്റെടുത്തതാണ് പുതിയ പ്രതിസന്ധിക്ക് ഇടവരുത്തിയത്.
ഗണേഷ്കുമാറിനെ പിൻതുണയ്ക്കുന്നവരെ മാത്രം നിലനിർത്തി മറ്റുള്ളവരെ വെട്ടിനിരത്തുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നത്.
കൊല്ലം, എറണാകുളം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലാപ്രസിഡന്റുമാർ പാർട്ടി വിടാനുള്ള നീക്കത്തിലാണ്.
ഇവരെ കൂടാതെ സംസ്ഥാനഭാരവാഹികളിൽ നല്ലൊരു ശതമാനവും യുവജന വിഭാഗത്തിലെ പ്രമുഖരും പാർട്ടിവിടുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഇന്ന് കോഴിക്കോട് ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകും.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പാർട്ടിക്ക് ലഭിച്ചിരുന്ന പദവികളൊന്നും എൽഡിഎഫ് നൽകിയില്ല. മുന്നാക്ക കോർപറേഷൻ ചെയർമാൻ സ്ഥാനം മാത്രമാണ് നൽകിയത്.
മൂന്ന് ചെയർമാൻ സ്ഥാനമുൾപ്പടെയുള്ളവയാണ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളാകോൺഗ്രസ് ബി ക്ക് ലഭിച്ചത്.
ഇതൊന്നും എൽഡിഎഫ് നൽകിയില്ലെന്ന് മാത്രമല്ല. പാർട്ടിയെ എന്നും അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്.
ഇതും പാർട്ടിവിടാൻ കാരണമായതായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പാർട്ടിവിടാൻ തീരുമാനിച്ച നേതാക്കൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവരെ കണ്ട് ചർച്ചനടത്തിയിരുന്നു.
അതേസമയം കൊല്ലം ജില്ലയിൽനിന്ന് ആരും പാർട്ടിവിടുന്നതായുള്ള സൂചനയില്ല. പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി ഗണേഷ്കുമാറിന് പിന്നിലാണെന്നുമാണ് ഗണേഷ് കുമാറിനെ അനുകൂലിക്കുന്നവർ പറയുന്നത്.
ആർബാലകൃഷ്ണപിള്ളയുടെയും കെ.ബി ഗണേഷ്കുമാർ എംഎൽഎയുടെയും നേതൃത്വത്തിലുള്ള കേരളാകോൺഗ്രസ് ബി കൊല്ലം ജില്ലയിൽ ശക്തമാണെന്നും.
അവരുടെ നേതൃത്വത്തിൻ കീഴിൽ പാർട്ടിഉറച്ചുനിൽക്കുമെന്നും ജില്ലാപ്രസിഡന്റും കൊട്ടാരക്കര നഗരസഭാ ചെയർമാനുമായ എ.ഷാജു രാഷ്ട്രദീപികയോട് പറഞ്ഞു.
പാർട്ടിക്ക് മുന്നണിവിടണ്ട സാഹചര്യമില്ലെന്നും എൽഡിഎഫിനോടൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.