കോട്ടയം: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളില് സിപിഎം കേരള കോണ്ഗ്രസ്-എമ്മിനെ അവഗണിക്കുന്നതായി ആക്ഷേപം. പല ബാങ്കുകളും സിപിഎം കുത്തകയാക്കിയെന്നും മാണി വിഭാഗത്തിന് പ്രാതിനിധ്യം നല്കുന്നില്ലെന്നുമാണ് പരാതി.
കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂര് നിയോജക മണ്ഡലങ്ങളിലെ സഹകരണ ബാങ്ക് ഇലക്ഷനുകളിലെ അവഗണന എല്ഡിഎഫ് ജില്ലാ, സംസ്ഥാന നേതൃത്വത്തെ ധരിപ്പിക്കാനുള്ള നീക്കത്തിലാണ് മാണി വിഭാഗം.
പനച്ചിക്കാട്, കുമാരനല്ലൂര്, കുമരകം, തിരുവാര്പ്പ് ബാങ്ക് തെരഞ്ഞെടുപ്പുകളില് പരിഗണന ലഭിച്ചില്ല. കാരപ്പുഴ ബാങ്കിലെ സീറ്റ് വിഭജനത്തിലും എതിര്പ്പുണ്ട്. ഇക്കാര്യം എല്ഡിഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയില് മാണി വിഭാഗം പ്രതിഷേധം അറിയിച്ചു.
തുടര് യോഗങ്ങളില് പങ്കെടുക്കേണ്ടെന്നും തീരുമാനമെടുത്തു. യുഡിഎഫിലായിരുന്നപ്പോള് എല്ലാ സഹകരണബാങ്ക് ഇലക്ഷന് പാനലിലും പരിഗണന ലഭിച്ചിരുന്നെന്നും എൽഡിഎഫിൽ ഇതു തുടര്ന്നാല് തദ്ദേ ശ തെരഞ്ഞെടുപ്പിലും സിപിഎം നല്കുന്നതുകൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും ആശങ്കയുയര്ന്നു.
കുമാരനല്ലൂര് ബാങ്കില് തഴഞ്ഞതിനെരേ കേരള കോണ്ഗ്രസ് പ്രതിഷേധ യോഗം ചേര്ന്നിരുന്നു. പ്രാതിനിധ്യം ആവശ്യപ്പെട്ടപ്പോള് സിപിഎം മുഖവിലയ്ക്കെടുത്തില്ല.പനച്ചിക്കാട്ട് കേരള കോണ്ഗ്രസുമായി ചര്ച്ച നടത്തുന്നതിനിടെ ഏകപക്ഷിയമായി സിപിഎം പാനല് പ്രഖ്യാപിച്ചു. കാരാപ്പുഴയില് അവസാന നിമിഷം ഒഴിവാക്കി.
പാലായിലും കടുത്തുരുത്തിയിലും സിപിഎമ്മിന് അര്ഹിക്കുന്നതിനേക്കാള് പ്രാതിനിധ്യം നല്കിയിട്ടും കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂര് മണ്ഡലങ്ങളില് നേരിയ പരിഗണനപോലും നല്കിയില്ല.
ജോസ് കെ. മാണിക്ക് രാജ്യസഭാ പ്രാതിനിധ്യം നല്കിയതുള്പ്പെടെ പ്രാതിനിധ്യം മാണിവിഭാഗത്തിന് നല്കുന്നുണ്ടെന്ന് സിപിഎം പറയുന്നു.
അര്ഹമായ പ്രാതിനിധ്യം ചര്ച്ചകളിലൂടെ നേടിയെടുക്കുമെന്നും മുന്നണിയില് ഭിന്നതയില്ലെന്നും കേരള കോണ്ഗ്രസ് -എം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു.