കോട്ടയം: ബാങ്കിംഗ് രംഗത്തുനിന്നു പൊതുപ്രവര്‍ത്തന രംഗത്തേക്കെത്തി കാല്‍നൂറ്റാണ്ട് ജനപ്രതിനിധിയായി തിളങ്ങിയ വ്യക്തിത്വമാണ് തോമസ് ചാഴികാടന്റേത്.
1991ല്‍ ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന സഹോദരന് ബാബു ചാഴികാടന്റെ ആകസ്മിക വിയോഗത്തെത്തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലൂടെയാണു തോമസ് ചാഴികാടന് പൊതുപ്രവര്‍ത്തനരംഗത്തു കാലൂന്നുന്നത്.
കന്നിയങ്കത്തില്‍ 1991ല്‍ ഏറ്റുമാനൂരില്‍നിന്ന് നിയമസഭയിലെത്തിയ ചാഴികാടന്, 1996, 2001, 2006 തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി വിജയക്കൊടി നാട്ടി.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നു വിജയിച്ച കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാന്‍കൂടിയായ തോമസ് ചാഴികാടന് പാര്‍ലമെന്റിലെ സാമൂഹ്യനീതി വകുപ്പിന്റെ സോഷ്യല്‍ ജസ്റ്റീസ് ആന്‍ഡ് എംപവര്‍മെന്റ് കമ്മിറ്റി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം, റെയില്‍വേ കണ്‍സൾട്ടേറ്റീവ് കമ്മിറ്റി അംഗം, ഊര്‍ജ വകുപ്പിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന സംസ്ഥാനതല കമ്മിറ്റിയായ ദിശയിലെ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
മഹാത്മാഗാന്ധി സര്‍വകലാശാല സെനറ്റംഗം, കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സിലംഗം, ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ്, ആര്‍ച്ച്ബിഷപ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി, ബാബു ചാഴികാടന് ഫൗണ്ടേഷന് ചെയര്മാന് എന്നീ നിലകളിലും സംശുദ്ധമായ പൊതുജീവിതത്തിനുടമയാണ് തോമസ് ചാഴികാടന്.
കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതിയംഗം, ജനറല്‍ സെക്രട്ടറി, പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ചെയര്മാന് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.
കോട്ടയം വെളിയന്നൂരില്‍ ജനിച്ച തോമസ് ചാഴികാടന്, അരീക്കര സെന്റ് റോക്കീസ് സ്കൂള്‍, വെളിയന്നൂര്‍ വന്ദേമാതരം സ്കൂള്‍, ഉഴവൂര്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്സ് സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ്, കുറവിലങ്ങാട് ദേവമാതാ കോളജുകളില്‍നിന്നു പ്രീഡിഗ്രിയും ബിരുദവും നേടി.
തുടര്‍ന്നു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി. ഓഫീസറായി ജയിച്ച് ന്യൂ ബാങ്ക് ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന ചാഴികാടന് മാനേജരായിരിക്കെയാണു പൊതുരംഗത്തിറങ്ങിയത്. അഡീഷണല്‍ ചീഫ് ടൗണ്‍ പ്ലാനറായി വിരമിച്ച ആന്‍ ജേക്കബാണ് ഭാര്യ.