കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പു പരാജയത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നും കൂട്ടായ ചര്‍ച്ചയും തിരുത്തലുകളുമാണ് ഉണ്ടാകേണ്ടതെന്ന് കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിംഗ് കമ്മറ്റിയോഗം. ലോക്സഭാ തെരഞ്ഞെടുപ്പുഫലം വിലയിരുത്തുന്നതിനായി ഇന്നലെ കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് അഭിപ്രായം ഉയര്‍ന്നത്.
തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ ഉള്ളതുപോലെ പരാജയങ്ങളിലും കൂട്ടുത്തരവാദിത്വമാണ് മുന്നണിയിലെ ഘടകകക്ഷികള്‍ക്കുള്ളത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. കൂട്ടുത്തരവാദിത്വവും കൂട്ടായ തിരുത്തലുകളുമാണു വേണ്ടതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
എക്കാലവും ഇടതുപക്ഷത്തോടൊപ്പം അടിയുറച്ചുനിന്നിരുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍നിന്ന് അകന്നത് എല്‍ഡിഎഫ് ഗൗരവമായി കാണണം. സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ആവശ്യങ്ങളായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയാറാകണം. മലയോര മേഖലകളിലെ കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ കഴിയാത്തതു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി
ഭൂപരിഷ്കരണ കമ്മീഷന് രൂപീകരണവും അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കായി എല്‍ഡിഎഫ് ഉപസമിതി രൂപീകരിക്കണമെന്ന് ഇടതു മുന്നണിയില്‍ ആവശ്യപ്പെടുവാനും യോഗം തീരുമാനിച്ചു.
ചെയര്മാന് ജോസ് കെ. മാണിയുടെ അധ്യക്ഷതയില്‍ വൈസ് ചെയര്മാന്മാരായ തോമസ് ചാഴികാടന്, ഡോ. എന്‍. ജയരാജ്, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.