പാലക്കാട്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നടന്ന എസ്എഫ്ഐ സംഘർഷത്തിൽ വിദ്യാർത്ഥി അഖിലിനെ കുത്തിവീഴ്ത്തിയ പ്രതികളെ സംരക്ഷിക്കുന്ന നയമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്നും സമാധാനപരമായി പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും ടിസി വാങ്ങി പോകേണ്ട ഗതികേടാണ് കുട്ടികൾക്കുള്ളതെന്നും കേരള കോണ്ഗ്രസ് ജേക്കബ് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആരോപിച്ചു.
എസ്എഫ്ഐ വിദ്യാർത്ഥികളെ കയറൂരിവിട്ട് കോളജിനെ കലാപഭൂമിയാക്കി മാറ്റുന്ന സംഭവം കേരളത്തിന് അപമാനമാണ്. എല്ലാക്കാലത്തും പ്രതികളെ സംരക്ഷിക്കുന്ന നയമാണ് സിപിഎം സ്വീകരിച്ചിട്ടുള്ളതെന്നും യോഗം കുറ്റപ്പെടുത്തി.മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെ ഒരുവർഷം കഴിഞ്ഞിട്ടും അറസ്റ്റുചെയ്യാത്ത നടപടി കേരളത്തിനും ജനാധിപത്യത്തിനും അപമാനകരമാണ്.
ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പരാജയമാണിതെന്നും യോഗം കുറ്റപ്പെടുത്തി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള മുഴുവൻ റാങ്ക് ലിസ്റ്റും പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവാസി വ്യവസായി സാജന്റെ മരണത്തിന് ഉത്തരവാദികളുമായവരെ പിടികൂടാതെ കുടുംബത്തെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത് അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സിപിഎം നയം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ജില്ലാ പ്രസിഡന്റ് വി.ഡി.ജോസഫ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റുമാരായ വി.ഡി.ഉലഹന്നാൻ, എൻ.കെ.പുരുഷോത്തമൻ, ജനറൽ സെക്രട്ടറിമാരായ പി.എം.കുരുവിള, വി.എ.കേശവൻ, വി.അനിൽകുമാർ, ഗ്രേസി ജോസഫ്, പി.ഒ.വക്കച്ചൻ, അഡ്വ.ടൈറ്റസ് ജോസഫ്, അഡ്വ. പി.കെ. ശ്രീധരൻ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജെയിംസ് മയിലംപുള്ളി, ജി.രാമചന്ദ്രൻ, എം.എൽ.ജാഫർ, വി.ജയരാജ്, കെ.പി.തങ്കച്ചൻ, ചെന്താമരാക്ഷൻ, അബ്ദുൾ റഹ്മാൻ, ലാലുജോസ് കോലടി, യൂത്ത് ഫ്രണ്ട്-ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി ഐസക് ജോണ് വേളൂരാൻ, ജില്ലാ പ്രസിഡന്റ് സന്തോഷ് മാത്യു അറയ്ക്കൽപറന്പിൽ, മിനിരാജൻ, ജോസ് പ്ലാത്തോട്ടം, സജി ആന്റണി ഇടശേരി, ജോസ് കുന്നുംപുറം തുടങ്ങിയവർ പ്രസംഗിച്ചു.