തിരുവനന്തപുരം: കോട്ടയം ജില്ലയിൽ ജനസ്വാധീനമുള്ള പാർട്ടിയാണ് കേരളാ കോൺഗ്രസ് ജോസ്. കെ.മാണി വിഭാഗമെന്ന് മന്ത്രി ഇ.പി. ജയരാജൻ. കാനം രാജേന്റേത് രാഷ്ട്രീയ നിരീക്ഷണമാണെന്നും ഇ.പി. ജയരാജൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ജോസ് കെ.മാണി വിഭാഗം എൽഡിഎഫിലേക്ക് എത്തിയതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഇ.പി. ജയരാജൻ.
കോട്ടയം ജില്ലയെ സംബന്ധിച്ചിടത്തോളം ബഹുജന സ്വാധീനമുള്ള ഒന്നാമത്തെ രാഷ്ട്രീയപാർട്ടി കേരളാ കോൺഗ്രസ് എം ആണെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ.
അവർ ജനപിന്തുണയുള്ള പാർട്ടി തന്നെയാണ്. സിപിഐയ്ക്ക് ഒരു പാർട്ടി എന്ന നിലയിൽ സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. ജോസ് കെ.മാണി വിഭാഗം നിലപാട് വ്യക്തമാക്കുമ്പോൾ ഞങ്ങൾ സ്വാഭാവികമായും ചർച്ച ചെയ്യും.
എൽഡിഎഫിലെ എല്ലാ പാർട്ടികള്‍ക്കും അക്കാര്യത്തിൽ അഭിപ്രായമുണ്ടാകും. ഇവയെല്ലാം ചർച്ച ചെയ്ത് കേരളത്തിന്റെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും അനുയോജ്യമായ നിലപാട് എൽഡിഎഫ് സ്വീകരിക്കും- ഇ.പി. ജയരാജൻ പറഞ്ഞു.