കോട്ടയം: കേരള കോണ്ഗ്രസ്-എം എല്ഡിഎഫ് വിട്ട് യുഡിഎഫിലേക്കു മടങ്ങുമെന്ന വാര്ത്തകള് തത്പരകക്ഷികളുടെ മനക്കോട്ട മാത്രമാണെന്ന് ചെയര്മാന് ജോസ് കെ. മാണി ആവര്ത്തിക്കുമ്പോഴും ഇടതുബന്ധം പാര്ട്ടിക്ക് എന്തു നേട്ടമുണ്ടാക്കിയെന്നതും തദ്ദേശ തെരഞ്ഞെടുപ്പിലെ അവ്യക്തതയും ഒരു വിഭാഗം നേതാക്കളിലും അണികളിലും ശക്തിപ്പെടുന്നു.
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് എട്ടു മാസം മാത്രം ബാക്കിനില്ക്കെ കേരള കോണ്ഗ്രസ്-എമ്മിന് വേരോട്ടമുള്ള കോട്ടയത്ത് മത്സരിക്കാന് എത്ര സീറ്റുകള് ലഭിക്കുമെന്നതിലും എത്രയിടത്തു ജയിക്കുമെന്നതിലുമുള്ള ആശങ്ക പ്രാദേശിക നേതാക്കള്ക്കും സീറ്റ്മോഹികള്ക്കുമുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേതു പോലെ സര്ക്കാര് വിരുദ്ധ വികാരം തദ്ദേശതെരഞ്ഞെടുപ്പിലും ആവര്ത്തിച്ചാല് പ്രസ്ഥാനം രാഷ്ട്രീയചിത്രത്തില്തന്നെ അപ്രസക്തമാകും.
സിപിഎം നേതൃത്വം തുടരെ അവഗണിക്കുന്നതിലെ അമര്ഷവും മുന്നണിയിലെത്തിയതില് സിപിഐയുടെ മുറുമുറുപ്പും അതൃപ്തിക്ക് മറ്റൊരു കാരണമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില് കോട്ടയത്ത് സിപിഎം കാലുവാരിയതിലും കടുത്ത വിമര്ശനം പാര്ട്ടിയിലുണ്ടായി.പിന്നീട് നടന്ന നാലു സഹകരണബാങ്ക് തെരഞ്ഞെടുപ്പുകളില് നാമമാത്ര പ്രാതിനിധ്യം പോലും സിപിഎം മാണി വിഭാഗത്തിന് നല്കിയില്ല.
സിപിഎം തനിയെ തീരുമാനങ്ങളെടുത്ത് നടപ്പാക്കുന്നതല്ലാതെ എല്ഡിഎഫ് ജില്ലാ യോഗം പേരിനു പോലും നടത്തുകയോ ഘടകകക്ഷികളെ പരിഗണിക്കുകയോ ചെയ്യുന്നില്ല. മുന്നിര നേതാക്കള്ക്ക് സ്ഥാനമാനങ്ങളും പദവികളുമുണ്ടായിരിക്കെ അവഗണിക്കപ്പെട്ടുപോയ രണ്ടാം നിര നേതാക്കളുടെ ഭാവിയെന്തെന്നാണ് പാര്ട്ടിക്കുള്ളില് ഉയരുന്ന ചോദ്യം.
തദ്ദേശസീറ്റ് വിഭജനത്തില് ജനുവരിയില് യുഡിഎഫില് ധാരണയുണ്ടാക്കി സ്ഥാനാര്ഥികളെ നിശ്ചയിക്കാനിരിക്കെ സിപിഎം നല്കുന്നതുകൊണ്ട് തൃപ്തിയടയേണ്ട സ്ഥിതി വരുമോ എന്നതും മാണി വിഭാഗം പ്രാദേശിക നേതാക്കള്ക്കും മത്സരമോഹികള്ക്കും ആശങ്കയ്ക്ക് കാരണമാണ്.
ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പില് ഏറ്റവും ചര്ച്ച ചെയ്യപ്പെടുന്നത് റബര്, നെല്ല് വിലത്തകര്ച്ചയാണ്. യുഡിഎഫിന്റെ പ്രധാന ഇലക്ഷന് വിഷയവും റബര് വിലത്തകര്ച്ചയായിരിക്കും. ഒരു കിലോ റബറിന് 250 രൂപ ഉറപ്പാക്കുമെന്ന് എല്ഡിഎഫ് ഇലക്ഷന് മാനിഫെസ്റ്റോയില് ഉറപ്പുനല്കിയശേഷം റബര് കര്ഷകര്ക്ക് മുന്നില് എങ്ങനെ വോട്ടുചോദിക്കുമെന്നതും മറ്റൊരു പരിമിതിയാണ്.
കെ.എം. മാണി നടപ്പാക്കിയ കാരുണ്യ സഹായപദ്ധതി സിപിഎം കാറ്റില്പറത്തിയതിലും അതൃപ്തി ചെറുതല്ല. ഇതിനിടെയാണ് മാണി വിഭാഗം യുഡിഎഫിലേക്കു മടങ്ങുന്നതില് മുസ്ലിം ലീഗിന്റെ മധ്യസ്ഥതയില് ചര്ച്ച നടന്നുവെന്ന അഭ്യൂഹങ്ങള് പ്രചരിച്ചത്.കേരള കോണ്ഗ്രസ്-എം യുഡിഎഫ് വിട്ടതല്ല, പുറത്താക്കിയതാണെന്നും നിലവില് ഇടതു മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്നും ജോസ് കെ. മാണി പ്രസ്താവിച്ചിരുന്നു.
മാണി വിഭാഗത്തിന് കൈമോശം വന്ന പാലാ, കടുത്തുരുത്തി സീറ്റുകളില് വിട്ടുവീഴ്ചയില്ലെന്നും സിറ്റിംഗ് സീറ്റുകളെച്ചൊല്ലി ചര്ച്ച വേണ്ടെന്നും കോണ്ഗ്രസും കേരള കോണ്ഗ്രസ് ജോസഫ് ഗ്രൂപ്പും ഉറച്ച നിലപാടിലാണ്.