സ്വന്തം ലേഖകന്‍
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം സിറ്റിംഗ് സീറ്റിനു പുറമേ രണ്ടു സീറ്റുകള്‍ കൂടി ആവശ്യപ്പെടാനും ഈ ആവശ്യമുന്നയിച്ച് ഇടതു മുന്നണിയില്‍ സമ്മര്‍ദം ശക്തമാക്കാനും കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയോഗം.
ഇന്നലെ കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്.കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ സ്വാധീന മേഖലകളിലാണ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നത്.
ഇക്കാര്യം എല്‍ഡിഎഫില്‍ ചര്‍ച്ച വരുമ്പോള്‍ ആവശ്യപ്പെടുമെന്ന് പാര്‍ട്ടി ചെയര്മാന് ജോസ് കെ.മാണി യോഗത്തിനു ശേഷം പറഞ്ഞു. നിലവിലെ സിറ്റിംഗ് സീറ്റായ കോട്ടയത്തിനു പുറമേ പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, വടകര സീറ്റുകളില്‍ ഒരെണ്ണത്തിനു കൂടിയാണ് അവകാശവാദം ഉന്നയിക്കുന്നത്.
ഇതില്‍ പത്തനംതിട്ടയും ഇടുക്കിയും വേണമെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി. ലോക്സഭ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരുത്ത് എത്തിയ കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ.മാണിയും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജും മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് എന്നിവരുമായി കൂടികാഴ്ച നടത്തിയിരുന്നു.
കൂടിക്കാഴ്ചയില്‍ സീറ്റുകള്‍ സംബന്ധിച്ച കേരള കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചു. സിറ്റിംഗ് സീറ്റായ കോട്ടയത്തിനു പുറമേ രണ്ടു സീറ്റുകള്‍ കൂടി വേണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.
ഇതില്‍ പത്തനംതിട്ട, ഇടുക്കി സീറ്റുകളാണ് പ്രധാനമായും അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.പാര്‍ട്ടിയുടെ മൂന്ന് എംഎല്‍എമാരുടെ മണ്ഡലം ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലം ഉറപ്പായും വേണമെന്ന നിലപാടാണ് നേതാക്കള്‍ സിപിഎമ്മിനെ അറിയിച്ചത്.
ഇവിടെ പാര്‍ട്ടിക്കുള്ള വിജയ സാധ്യത ജോസ് കെ.മാണിയും സ്റ്റീഫന്‍ ജോര്ജു നേതാക്കളെ ധരിപ്പിച്ചു. കോട്ടയം കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ഇടുക്കി സീറ്റിനുള്ള അവകാശവാദവും ഉന്നയിച്ചിട്ടുണ്ട്.
എന്നാല്‍ ഇവിടെ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ടു പോകുകയും ചെയ്തു.
അതിനാല്‍ ഇക്കാര്യത്തില്‍ സിപിഎം തങ്ങളുടെ നിലപാട് കേരള കോണ്‍ഗ്രസിനെ അറിയിച്ചതായണ് സൂചന. ചാലക്കുടി, വടകര ലോക്സഭ മണ്ഡലത്തിലെ പാര്‍ട്ടിയുടെ വിജയ സാധ്യതയും വോട്ടുകണക്കും നേതാക്കള്‍ സിപിഎമ്മിനെ ധരിപ്പിച്ചിട്ടുണ്ട്.
ക്രൈസ്തവ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലമാണ് ചാലക്കുടിയും വടകരയും. ഇവിടെ കേരള കോണ്‍ഗ്രസിനു നല്ല വോട്ടുബാങ്കുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
പുതുപ്പള്ളി ഉപതെഞ്ഞെടുപ്പില്‍ അയര്‍ക്കുന്നം, അകലക്കുന്നം പ്രദേശങ്ങളിലെ കേരള കോണ്‍ഗ്രസ് എം വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നും അവ കൃത്യമായ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു ലഭിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി ഫാക്ടറാണ് പ്രതിഫലിച്ചത്. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി സൗഹാര്‍ദത്തോടെയാണ് കഴിയുന്നതെന്നും പാര്‍ട്ടി ശക്തമായി വളരുന്നുണ്ടെന്നും എല്‍ഡിഎഫില്‍ പിന്നില്‍ നിന്ന് ആരും കുത്തുന്നില്ലെന്നും ജോസ് കെ.മാണി യോഗത്തില്‍ പറഞ്ഞു.
പുതുപ്പളളി ഫലത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിലും മുന്നണിയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകതയും ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്തു.
ഇക്കാര്യം മുന്നണി യോഗത്തില്‍ അറിയിക്കും. പാര്‍ട്ടി ചെയര്മാന് ജോസ് കെ.മാണി അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്, തോമസ് ചാഴികാടന് എംപി, ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ട്രഷറാര്‍ എന്‍.എം രാജു തുടങ്ങിയവര്‍ പങ്കെടുത്തു.