ജിജി ലൂക്കോസ്
തിരുവനന്തപുരം: സിപിഐയെ വിമർശിച്ചു കേരളാ കോൺഗ്രസ് എം വയനാട് ജില്ലാ പ്രസിഡന്റിന്റെ തുറന്ന കത്ത്. കാനം- ഇസ്മായിൽ ഗ്രൂപ്പ് പോര് മറയ്ക്കാൻ വേണ്ടി തെരഞ്ഞെടുപ്പ് അവലോകനമെന്ന പേരിൽ കേരളാ കോൺഗ്രസിനു മേൽ മെക്കിട്ടു കയറുകയാണെന്നു സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം കൂടിയായ കെ.ജെ. ദേവസ്യ ആരോപിക്കുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ദേവസ്യ തുറന്ന കത്തയച്ചിരിക്കുന്നത്.
തലവേദന
സിപിഐ- കേരളാ കോൺഗ്രസ് എം ചേരിപ്പോര് ഇടതു മുന്നണിയിൽ തലവേദനയായി നിൽക്കുന്നതിനിടെയാണ് പ്രശ്നം രൂക്ഷമാക്കിയുള്ള പുതിയ നീക്കം. കേരളാ കോൺഗ്രസിന്റെ വരവോടെ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കു വലിയ നേട്ടമുണ്ടാക്കാനായില്ലെന്ന സിപിഐയുടെ ആരോപണത്തിനു ദേവസ്യ കണക്കുകൾ നിരത്തി മറുപടിയും നൽകിയിട്ടുണ്ട്. എൽഡിഎഫിലെ മൂന്നാം കക്ഷിയായ കേരളാ കോൺഗ്രസിന്റെ 3.28 ശതമാനം വോട്ടുകൾ കൂടിച്ചേർന്നതു കൊണ്ടാണ് മുന്നണിക്ക് ചരിത്ര വിജയം നേടാനായത്.
നാട്ടിൽ പാട്ടാണ്
കേരളാ കോൺഗ്രസ് മത്സരിച്ച 12 മണ്ഡലങ്ങളിലും ആർക്ക് വോട്ട് ചെയ്യണമെന്നുള്ള സിപിഐയുടെ രഹസ്യ നിർദേശം നാട്ടിൽ പാട്ടാണ്. വസ്തുത ഇതായിരിക്കേ കൈയക്ഷരം നന്നാകാത്തതിനു പേനയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഏഴ് പ്രാവശ്യം പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവൻ ട്യൂട്ടോറിയൽ കോളജ് തുടങ്ങി പ്രിൻസിപ്പലായി വാർഷിക വിലയിരുത്തൽ നടത്തുന്നതാണ് കാനം രാജേന്ദ്രന്റെ തെരഞ്ഞെടുപ്പ് അവലോകനമെന്നും കത്തിൽ ആരോപിക്കുന്നു.