കോട്ടയം: യുഡിഎഫുമായി ഉടക്കി ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ്-എം മറു ചേരിയിലെത്തുന്പോൾ മുറിയുന്നതു പതിറ്റാണ്ടുകൾ നീണ്ട ബന്ധം.
യുഡിഎഫിന്റെ സമുന്നതനേതാവായിരുന്ന കെ.എം.മാണി ജീവിച്ചിരുന്നപ്പോൾ തന്നെ കേരള കോൺഗ്രസ്-എമ്മിന്റെ യുഡിഎഫ് ബന്ധത്തിൽ വിള്ളൽ വീണിരുന്നു.
പലേടത്തും ചെറിയ ചെറിയ തർക്കങ്ങൾ പല ഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നില്ല. മുസ്ലിം ലീഗ് ആയിരുന്നു പലപ്പോഴും പല തർക്കങ്ങളിലും ഇടനില നിന്നിരുന്നത്.
1964ലാണ് കേരള കോൺഗ്രസ് രൂപീകരിക്കുന്നത്. 1977ൽ ബാലകൃഷ്ണ പിള്ള പുറത്തുപോയി കേരള കോൺഗ്രസ് -ബി ഉണ്ടാക്കി. 1979ൽ ജോസഫുമായി പിരിഞ്ഞ കെ.എം.മാണി കേരള കോൺഗ്രസ്-എം രൂപീകരിച്ചു.
മാണി എൽഡിഎഫിലും ജോസഫ് യുഡിഎഫിലുമായിരുന്നു. 1982ൽ മൂന്നു ഗ്രൂപ്പുകളും യുഡിഎഫിന്റെ ഭാഗമായി. അന്നു മുതൽ തുടങ്ങിയതാണ് കേരള കോൺഗ്രസ്-എമ്മിന്റെ യുഡിഎഫ് ബന്ധം.
ഉലയാൻ തുടങ്ങിയത്
കെ.എം.മാണി മന്ത്രിയായിരുന്നപ്പോൾ വരുത്തിയ പല പരിഷ്കാരങ്ങളും യുഡിഎഫ് മുന്നണിക്കും മന്ത്രിസഭയ്ക്കും വലിയ മതിപ്പു നേടിക്കൊടുത്തിരുന്നു. ഇങ്ങനെ ശക്തമായിരുന്ന ബന്ധം ബാർ കോഴ കേസോടെയാണ് ഉലയാൻ തുടങ്ങിയത്.
ബാർ കോഴ കേസിൽ ആരോപണം ഉയർന്നപ്പോൾ കെ.എം.മാണിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെയാണ് സംഭവം വഷളായത്. ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അമിത താത്പര്യം കാണിച്ചെന്ന ആക്ഷേപം കേരള കോൺഗ്രസ് കേന്ദ്രങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിരുന്നു.
വൈകാതെ കെ.എം.മാണി മന്ത്രി സ്ഥാനം രാജിവച്ചു. ഇതോടെ തീർത്തും വഷളായ ബന്ധത്തിനൊടുവിൽ യുഡിഎഫിൽനിന്ന് അകലം പാലിക്കാൻ കേരള കോൺഗ്രസ് -എം തീരുമാനിച്ചു.
തിരിച്ചുവരവ്
കുറെക്കാലം സ്വതന്ത്ര നിലപാടുമായി നിൽക്കുകയായിരുന്നു കേരള കോൺഗ്രസ്. ഇതിനിടയിൽ യുപിഎയിൽ അംഗമായ കക്ഷി സംസ്ഥാന മുന്നണിയുമായി അകലം പാലിക്കുന്നതു ഉചിതമല്ലെന്നും മുന്നണിക്ക് അതു ക്ഷീണം ചെയ്യുമെന്നും വിലയിരുത്തലുണ്ടായി.
അതേത്തുടർന്നു കേരള കോൺഗ്രസ് -എമ്മിനെ തിരികെ എത്തിക്കാനുള്ള പരിശ്രമങ്ങൾ സജീവമായി. അങ്ങനെ ജോസ് കെ.മാണിക്ക് രാജ്യസഭാ എംപിസ്ഥാനം നൽകി പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്പ് കേരള കോൺഗ്രസ്-എമ്മിനെ യുഡിഎഫിൽ തിരികെ എത്തിച്ചു.
എന്നാൽ, അതൊരു തത്കാല ശാന്തി മാത്രമായിരുന്നു എന്നതാണ് സത്യം. ഇതിനിടെ, കെ.എം.മാണിയുടെ വിയോഗമുണ്ടായി. തുടർന്ന് കേരള കോൺഗ്രസ് എമ്മിൽ ജോസ് കെ. മാണി പക്ഷവും പി.ജെ.ജോസഫ് പക്ഷവും പാർട്ടിനേതൃത്വസ്ഥാനത്തിനു വേണ്ടി പോരു തുടങ്ങി.
ഈ പോരിൽ കോൺഗ്രസ് പരോക്ഷമായി ജോസഫ് പക്ഷത്തിനൊപ്പം നിന്നു എന്നതാണ് പുതിയ പൊട്ടിത്തെറിയിലേക്കു കാര്യങ്ങൾ എത്തിച്ചതെന്നു കേരള കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.
തീരാത്ത തർക്കം
കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിനു കൈമാറുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ കോൺഗ്രസ് ഇടപെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല. ഒടുവിൽ കേരള കോൺഗ്രസ്-എമ്മിനെ യുഡിഎഫിൽനിന്നു പുറത്താക്കുന്നതായി യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പരസ്യമായി പ്രഖ്യാപിച്ചു.
ഇതിനു പാർട്ടിയിലും മുന്നണിയിലും നിന്നു തന്നെ എതിർപ്പ് കടുത്തതോടെ പുറത്താക്കിയിട്ടില്ല തത്കാലം മാറ്റിനിർത്തിയിട്ടേയുള്ളൂവെന്നു തിരുത്തിയെങ്കിലും കാര്യങ്ങൾ പിടിവിട്ടുപോയിരുന്നു. ഇതോടെ സംഭവം അഭിമാന പ്രശ്നമായി എടുത്ത കേരള കോൺഗ്രസ്- എം ഇനി യോജിച്ചുപോകാനാവില്ലെന്ന നിലപാടിൽ എത്തുകയായിരുന്നു.
ചെറിയൊരു സംഭവത്തിന്റെ പേരിൽ പാർട്ടിയെ മുന്നണിയിൽനിന്നു പുറത്താക്കിയത് നിസാരമായി കാണാൻ അവർക്കായില്ല. അതേസമയം, ജോസ് കെ.മാണിപക്ഷത്തെ പിണക്കി ഒഴിവാക്കേണ്ടിയിരുന്നില്ല എന്ന അഭിപ്രായം യുഡിഎഫിലും കോൺഗ്രസിലും ശക്തമായിരുന്നെങ്കിലും അനുനയ നീക്കങ്ങളൊന്നും ഫലവത്തായില്ല.
ചിഹ്നവും പേരും
ഇതിനിടെ, പേരും ചിഹ്നവും ജോസ് കെ. മാണിപക്ഷത്തിന് അനുവദിച്ച കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തീരുമാനവും അവർക്ക് ആവേശം പാർട്ടിക്ക് ആവേശം പകർന്നു.
അതു പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്തു. എങ്കിലും ഈ കേസിൽ ശുഭാപ്തി വിശ്വാസത്തിലാണ് പാർട്ടികേന്ദ്രങ്ങൾ. മധ്യകേരളത്തിൽ ഇതുവരെ യുഡിഎഫ് കോട്ട ഇളക്കാൻ സാധിക്കാതിരിക്കുന്ന സിപിഎം കേരള കോൺഗ്രസിന്റെ ഇടതുപാളയത്തിലേക്കുള്ള വരവിനെ ആവേശത്തോടെയാണ് കാണുന്നത്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലൊക്കെ നേട്ടമുണ്ടാക്കാൻ ഇതു സഹായിക്കുമെന്നാണ് ഇടതു കേന്ദ്രങ്ങളുടെ വിലയിരുത്തൽ.