കോട്ടയം: വളരും തോറും പിളർന്ന്… പിളരും തോറും വളർന്ന്… കേരള കോണ്‍ഗ്രസ് പാർട്ടിക്ക് ഇങ്ങനെയൊരു വിശേഷണം നൽകാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
ചരിത്രം പിന്നെയും ആവർത്തിക്കുകയാണ്. കേരളാ കോണ്‍ഗ്രസ് ജേക്കബിലെ ജോണി നെല്ലൂർ വിഭാഗം ജോസഫ് ഗ്രൂപ്പിൽ ലയിക്കാൻ തീരുമാനിച്ചതോടെ വീണ്ടും ഒരു പിളർപ്പിലേക്ക് പാർട്ടി എത്തി. ഒരു ഡസനിലേറെ പിളർപ്പിനാണ് കേരള കോണ്‍ഗ്രസ് ഇതുവരെ സാക്ഷ്യംവഹിച്ചത്.
1964 മുതലുള്ള കേരള കോണ്‍ഗ്രസിന്റെ ചരിത്രം പിളർപ്പുകളുടേതു കൂടിയാണ്. 1973-ൽ ഇ. ജോണ്‍ ജേക്കബിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടിയുടെ നയപരിപാടികളിൽ പ്രതിഷേധിച്ചു പുറത്തുപോയതോടെയാണ് കേരള കോണ്‍ഗ്രസിൽ പിളർപ്പുകളുടെ ചരിത്രം തുടങ്ങുന്നത്.
1976-ൽ കെ.എം. ജോർജിന്റേയും കെ.എം. മാണിയുടേയും നേതൃത്വത്തിൽ പാർട്ടി പിളർന്നു. കെ.എം. ജോർജ് അന്തരിച്ചതിനെ തുടർന്നു പാർട്ടികൾ ഒന്നിച്ചെങ്കിലും ആർ. ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ ഒരു വിഭാഗം 1977 ആദ്യം പാർട്ടി വിട്ടു. 1977-ലെ നിയമസഭ- ലോക്സഭ തെരഞ്ഞെടുപ്പുകളിൽ രണ്ടു കേരള കോണ്‍ഗ്രസുകളുടെ ഇരു മുന്നണികളായി മത്സരിച്ചു.
രണ്ടു വർഷം കഴിഞ്ഞ് 79ലായിരുന്നു അടുത്ത പിളർപ്പ്. പി.ജെ. ജോസഫുമായി തെറ്റിപ്പിരിഞ്ഞ കെ.എം.മാണി കേരള കോണ്‍ഗ്രസ് എം രൂപീകരിച്ചു. മാണി എൽഡിഎഫിലും ജോസഫ് യുഡിഎഫിലും എത്തി. എന്നാൽ 1982ൽ ഈ മൂന്നു വിഭാഗങ്ങളും യുഡിഎഫിന്റെ ഭാഗമായി.
1989-ലായിരുന്നു അടുത്ത പിളർപ്പ്. പി.ജെ.ജോസഫ് എൽഡിഎഫിലേക്കു പോയി. ബാലൃക്ഷണ പിള്ള യുഡിഎഫിൽ തുടർന്നു. 1993ലാണ് ടി.എം. ജേക്കബും മാണിയും തമ്മിൽ തെറ്റിപ്പിരിഞ്ഞത്.
പിളർപ്പുമായി ജേക്കബ് ഗ്രൂപ്പ് പുതിയ പാർട്ടിയുണ്ടാക്കി. 1996ൽ കേരളകോണ്‍ഗ്രസ്-ബി പിളർന്നു. ബാലകൃഷ്ണപിള്ളയുമായി തെറ്റിപ്പിരിഞ്ഞ ജോസഫ് എം പുതുശേരി പിന്നീട് മാണി ഗ്രൂപ്പിന്റെ ഭാഗമായി. ഇത് പാർട്ടിയിലെ മറ്റൊരു പിളർപ്പിനു കാരണമായി.
രണ്ടായിരത്തിൽ പി.സി. തോമസ് മാണിയുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടിയുണ്ടാക്കിയതോടെ അടുത്ത പിളർപ്പായി. ഇതുകൊണ്ടും നിന്നില്ല പിളർപ്പ്. 2003ൽ പി.ജെ. ജോസഫ് ഗ്രൂപ്പിൽ നിന്ന് പി.സി. ജോർജ് തെറ്റിപ്പിരിഞ്ഞ് കേരള കോണ്‍ഗ്രസ് സെക്യുലർ രൂപീകരിച്ചു. 2009-ൽ പി.സി. ജോർജ് മാണിയുമായി ലയിച്ചു.
കുറച്ചുകാലം പിളർപ്പുകളില്ലാതെ കടന്നുപോയെങ്കിലും 2015ൽ പാർട്ടി വീണ്ടും പിളർന്നു. മാണി ഗ്രൂപ്പിൽ നിന്നും പി.സി. ജോർജ് വിട്ടുപോയി. മാണി ഗ്രൂപ്പിൽ തന്നെയായിരുന്നു വീണ്ടും പിളർപ്പ്. ഫ്രാൻസിസ് ജോർജ് ഗ്രൂപ്പിൽ നിന്നും വഴിമാറി എൽഡിഎഫിലെത്തി.
ഇപ്പോൾ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പിളർന്നതോടെ മറ്റൊരു പിളർപ്പിന് സാക്ഷ്യം വഹിക്കുകയാണ് പാർട്ടി. ജോണിനെല്ലൂർ വിഭാഗം ജോസഫ് ഗ്രൂപ്പിൽ ലയിക്കുമ്പോൾ അനൂപ് ജേക്കബും കൂട്ടരും മറുവശത്തും. ഇനി ആർക്കാണ് കൂടുതൽ ശക്തി എന്നു തെളിയിക്കാനുള്ള ഊർജിത ശ്രമങ്ങളിലാണ് ഇരു കൂട്ടരും.