കോട്ടയം: യുവാക്കളെയും കര്‍ഷകരെയും സംഘടിപ്പിച്ച് പാര്‍ട്ടിയുടെ കരുത്തു കാട്ടാന്‍ കേരള കോണ്‍ഗ്രസ്-എം. ഇതിന്റെ ഭാഗമായി മാര്‍ച്ച് രണ്ട് മുതൽ അഞ്ചുവരെ തിരുനക്കര മൈതാനത്ത് അധ്വാനവര്‍ഗ യുവസംഗമം എന്ന പേരില്‍ യൂത്ത് ഫ്രണ്ട്-എം യുവജന സമ്മേളനം നടക്കും.
സെമി കേഡര്‍ പാര്‍ട്ടിയായി മാറുന്നതിന്റെ ഭാഗമായിട്ടാണ് 14 ജില്ലകളില്‍ നിന്നു പ്രവര്‍ത്തകർ പങ്കെടുക്കുന്ന മഹാസംഗമം.
കെ.എം. മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ യുവാക്കളെ കൂടുതല്‍ കര്മശേഷിയുള്ളവരാക്കുന്നതിന്റെ ഭാഗമായിട്ടും കാര്‍ഷികമേഖലയിലേക്കും സംരംഭകത്വത്തിലേക്കും യുവാക്കളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമുള്ള യുവജന സംഗമത്തിന് അധ്വാനവര്‍ഗ യുവസംഗമം എന്നാണു പേരിട്ടിരിക്കുന്നത്.
യുവസംഗമം പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനത്തിന്റെ കരുത്തുകാട്ടുന്നതായിരിക്കുമെന്ന് യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് റോണി മാത്യു രാഷ് ട്രദീപികയോടു പറഞ്ഞു.
എന്റെ നാട്, എന്റെ തൊഴില്‍, എന്റെ അഭിമാനം എന്നു പേരിട്ടിരിക്കുന്ന യുവജന സമ്മേളനത്തിന് രണ്ടിനു വൈകിട്ട് 1964ല്‍ കേരള കോണ്‍ഗ്രസ് രൂപീകൃതമായ തിരുനക്കര മൈതാത്ത് പതാക ഉയരും. കെ.എം. മാണിയുടെ കബറിടത്തില്‍നിന്ന് ആരംഭിക്കുന്ന ദീപശിഖ പ്രയാണവും യൂത്ത് ഫ്രണ്ട് എം മുന്‍ സംസ്ഥാന പ്രസിഡന്റ് ബാബു ചാഴികാടന്റെ സ്മൃതി മണ്ഡപത്തില്‍നിന്നുള്ള കൊടിമരവും കുട്ടനാടന്‍ കര്‍ഷകന്റെ ആവേശമായിരുന്ന ജോണ്‍ ജേക്കബിന്റെ സ്മൃതി മണ്ഡപത്തില്‍നിന്നു പാതാകയും എത്തിച്ചേരുന്നതിനു പിന്നാലെയാണു പതാക ഉയര്‍ത്തല്‍.
നവകേരളവും യുവസംരംഭകരും എന്ന വിഷയത്തില്‍ ശില്പശാലയും യുവത്വവും കുടിയേറ്റവും എന്ന വിഷയത്തില്‍ സിമ്പോസിയുവും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യുന്ന യുവജന സംഗമത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്, തോമസ് ചാഴികാടന് എംപി, പാര്‍ട്ടിയുടെ എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കും.
മാര്‍ച്ച് 17ന് തിരുനക്കര മൈതാനത്ത് റബര്‍ കര്‍ഷക സംഗമം നടത്തും. ഒരാഴ്ച മുമ്പ് സിപിഎം നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് റബര്‍ കര്‍ഷക സംഗമം നടത്തിയിരുന്നു.
ഇതിനോടനുബന്ധിച്ചുള്ള സെമിനാറില്‍ പോലും കേരള കോണ്‍ഗ്രസ് എമ്മിനെ പങ്കെടുപ്പിക്കാത്തതില്‍ പാര്‍ട്ടിക്കും നേതാക്കള്‍ക്കും അമര്‍ഷമുണ്ട്.
ഇതിനുള്ള മറുപടിയായാണ് പതിനായിരത്തോളം കര്‍ഷകരെ പങ്കെടുപ്പിച്ച് കര്‍ഷക മഹാസംഗമം നടത്തുന്നത്. യുവജന കര്‍ഷക സംഗമത്തോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ തയാറാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്കും തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി ജില്ലാ, നിയോജക മണ്ഡലം നേതൃയോഗങ്ങള്‍ പാര്‍ട്ടി ചെയര്‍മാന്റെ സാന്നിധ്യത്തില്‍ ഉടന്‍ ചേരും.