കോട്ടയം: സിപിഎം മോഡലില്‍ കേഡര്‍ പാര്‍ട്ടി സംവിധാനവും സംഘടന തെരഞ്ഞെടുപ്പും നടത്തുന്നതിന്റെ ഭാഗമായുള്ള കേരള കോണ്‍ഗ്രസ് എം സംസ്ഥാന സമ്മേളനം പാര്‍ട്ടിയുടെ 58ാം ജന്മദിനമായ ഒക്ടോബര്‍ ഒന്പതന് കോട്ടയത്തു നടക്കും.
മെംബര്‍ഷിപ്പ് വിതരണം പൂര്‍ത്തിയാക്കി വാര്‍ഡു തലം മുതലുള്ള സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്നത്.
12 ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയായി. ഇനി കോട്ടയം, മലപ്പുറം ജില്ലാ സമ്മേളനങ്ങളാണ് നടക്കാനുള്ളത്.
27ന് കോട്ടയം ജില്ലാ സമ്മേളനവും 28ന് മലപ്പുറം ജില്ലാ സമ്മേളനവും നടക്കും.
പാര്‍ട്ടി ഭരണഘടന ഭേദഗതിയുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ് വാര്‍ഡു തലത്തില്‍ വാര്‍ഡ് പ്രസിഡന്റിനു പുറമേ രണ്ടു വൈസ് പ്രസിഡന്റുമാരും രണ്ടു സെക്രട്ടറിമാരുമേ ഭാരവാഹികളായുള്ളൂ.
നിയോജക മണ്ഡലം തലത്തില്‍ നാലു സെക്രട്ടറിമാരും ജില്ലയില്‍ ആറു സെക്രട്ടറിമാരുമാണുള്ളത്. ഭൂരിഭാഗം ജില്ലകളിലും പുതിയ പ്രസിഡന്റുമാരാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വനിതകള്‍ക്കും യുവജനങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യവും കമ്മറ്റികളില്‍ നല്‍കിയിട്ടുണ്ട്.
വാര്‍ഡ് സമ്മേളനങ്ങള്‍ മുതല്‍ പാര്‍ട്ടി ചെയര്‍മാനും സംസ്ഥാന ഭാരവാഹികളും സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നു. എല്ലാ ജില്ലാ സമ്മേളനങ്ങളും പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
സിപിഎം മോഡലില്‍ പാര്‍ട്ടി പതാക ഉയര്‍ത്തല്‍, കെ.എം. മാണിയുടെ ഛായാചിത്രത്തില്‍ പുഷാപാര്‍ച്ചന, പ്രതിനിധി സമ്മേളനം എന്നിങ്ങനെയായിരുന്നു സമ്മേളന നടപടി ക്രമങ്ങള്‍.
പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും റിപ്പോര്ട്ടിന്മേല് ചര്‍ച്ചയുമുണ്ടായിരുന്നു. സമ്മേളനങ്ങളോടനുബന്ധിച്ച് പോഷക സംഘടനകളെയും മറ്റും അണിനിരത്തി അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
ഒന്പതിനു സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ ചെയര്‍മാനേയും രണ്ടു വൈസ് ചെയര്മാന്മാരെയും ഒരു ട്രഷറെയും 15 ജനറല്‍ സെക്രട്ടറിമാരെയും തെരഞ്ഞെടുക്കും. സ്റ്റിയറിംഗ് കമ്മിറ്റിയേയും യോഗത്തില്‍ തെരഞ്ഞെടുക്കും. ഭരണഘടന ഭേദഗതി വരുത്തി പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായാണ് ജംബോ കമ്മിറ്റി ഒഴിവാക്കപ്പെടുന്നത്.
പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ. മാണിയെ സംസ്ഥാന പ്രതിനിധി സമ്മേളനം വീണ്ടും തെരഞ്ഞെടുക്കും. സ്റ്റീഫന്‍ ജോര്‍ജ്, ലോപ്പസ് മാത്യു, ജോര്‍ജുകുട്ടി ആഗസ്തി, ജോസ് ടോം, അലക്സ് കോഴിമല, എലിസബത്ത് മാമ്മന്‍ മത്തായി തുടങ്ങിയവര്‍ തന്നെയാകും ജനറല്‍ സെക്രട്ടറിമാര്‍.
മൂന്നു ലോക്സഭ സീറ്റുകള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തനം
കോട്ടയം: 2014ല്‍ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിനു പുറമേ രണ്ടു ലോക്സഭ സീറ്റുകള്‍ കൂടി ലക്ഷ്യമാക്കിയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രവര്‍ത്തനം. നിലവില്‍ കോട്ടയം സിറ്റിംഗ് എംപി തോമസ് ചാഴികാടനാണ്.
കോട്ടയത്തിനു പുറമേ ഇടുക്കിയോ, പത്തനംതിട്ടയോ, ചാലക്കുടി സീറ്റുകളാണ് പാര്‍ട്ടി നോട്ടമിടുന്നത്. കോട്ടയം ലോക്സഭ സീറ്റില്‍ തോമസ് ചാഴികാടനെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ്.
നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വിട്ടുവീഴ്ച ചെയ്തതു പോലെ ലോക്സഭയിലും സിപിഎം സീറ്റുകള്‍ വിട്ടുതരുമെന്നാണ് കേരള കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
ലക്ഷ്യമിടുന്ന രണ്ടു സീറ്റുകളും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റും സിപിഎമ്മിനു ബാലികേറാമലയായ സീറ്റുമായതിനാല് കേരള കോണ്‍ഗ്രസിന് പ്രതീക്ഷയേറെയാണ്.