കോട്ടയം: കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ജോസ് കെ. മാണിവിഭാഗത്തിന് അനുകൂലമായുള്ള തീരുമാനത്തിനു ഹൈക്കോടതി സ്റ്റേ വന്നതിലൂടെ കേരള കോൺഗ്രസ് രാഷ്ട്രീയം വീണ്ടും കലങ്ങുന്നു.
സ്റ്റേ ലഭിച്ചതു വൻ നേട്ടമായെന്നു ജോസഫ് വിഭാഗം പറയുന്പോൾ ഒരു മാസത്തെ സ്റ്റേ താത്കാലിക നടപടി മാത്രമാണെന്നും അന്തിമ വിജയം തങ്ങൾക്കായിരിക്കുമെന്നും ജോസ് വിഭാഗം പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോടെ ചോർന്നുപോയ ആവേശം പതിന്മടങ്ങായി തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ജോസഫ് വിഭാഗം.
കമ്മീഷൻ തീരുമാനം വന്നതോടെ ജോസ് കെ. മാണി വിഭാഗത്തിനു മേൽക്കൈ ലഭിക്കുകയും അവർ വർധിതവീര്യത്തോടെ രംഗത്തിറങ്ങുകയും ചെയ്തത് ജോസഫ് വിഭാഗത്തെ ആശങ്കയിലാഴ്ത്തിരുന്നു.
അവിടെനിന്നു തങ്ങൾക്കൊപ്പം പോന്നവരിൽ ചിലർ ജോസ് വിഭാഗത്തിലേക്കു മടങ്ങിയേക്കുമോയെന്ന ആകുലതയും അവർക്കുണ്ടായിരുന്നു. എന്തായാലും കോടതി നടപടിയിലൂടെ തത്കാലം ഇത്തരം ഭീഷണികളെ അതിജീവിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം.
അതേസമയം, കോടതി നടപടിക്രമങ്ങളുടെ ഭാഗമായുള്ള താത്കാലിക സ്റ്റേ മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നും കേസിന്റെ മെറിറ്റിലേക്കു കടന്നിട്ടില്ലെന്നും ജോസ് വിഭാഗം പറയുന്നു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കും.
അതിൽ കാര്യങ്ങളെല്ലാം വ്യക്തമാകുന്പോൾ തീരുമാനം തങ്ങൾക്ക് അനുകൂലമായിത്തന്നെ വരുമെന്നും അവർ കൂട്ടിച്ചേർക്കുന്നു. മാത്രമല്ല, രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചു തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമാണ് നിർണായകമെന്നും അവർ പറയുന്നു.
സുപ്രീം കോടതി അഭിഭാഷകരെ രംഗത്തിറക്കിയാണ് ഇന്നലെ ഇരുപക്ഷവും ഹൈക്കോടതിയിൽ വാദം നടത്തിയത്.അതേസമയം, ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാനും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനും സർവകക്ഷിയോഗത്തിൽ ധാരണയായത് കേരള കോൺഗ്രസിന്റെ ചിഹ്ന തർക്കത്തിലും ആശ്വാസം പകരും.
കാരണം, തത്കാലം കേസ് അല്പം നീണ്ടുപോയാലും ചിഹ്നത്തിന്റെ ആവശ്യം ഉടനെ വരില്ല.