കോട്ടയം: കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വീക്ഷണം മുഖപ്രസംഗത്തിനെതിരേ ആഞ്ഞടിച്ച് പാർട്ടിയുടെ മുഖപത്രമായ നവപ്രതിച്ഛായ. “വിഷ വീക്ഷണത്തിന്റെ പ്രചാരകൻ’ എന്ന തലക്കെട്ടിലാണു കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിലെ പരാമർശത്തിനെതിരെയുള്ള നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
വീക്ഷണം പത്രാധിപരുടെ വേഷണമണിഞ്ഞ ചില കോൺഗ്രസുകാർ ജോസ് കെ. മാണിയോട് സിപിഎമ്മിന്റെ അരക്കില്ലത്തിൽ കിടന്നു വെന്തുരാകാതെ തിരിച്ചു യുഡിഎഫിലേക്കു വരുന്നതാണ് നല്ലതെന്നു ഉപദേശിച്ച മുഖപ്രസംഗം മുൻകൂട്ടി തയാറാക്കിയ നാടകമാണെന്നു ലേഖനത്തിൽ പറയുന്നു.
വാർത്ത പ്രചരിച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാവ് ചാനലുകളിൽ അവതരിച്ച് മുഖപ്രസംഗത്തെ തള്ളുകയും തങ്ങൾ ആരെയും യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്നു വിശദീകരണം നല്കുകയും ചെയ്തു. എന്തായാലും കേരള കോൺഗ്രസ് എമ്മിന്റെ അപേക്ഷ ലഭിച്ചു എന്നു പറയാതിരുന്നത് നന്നായി എന്നു ലേഖനം പരിഹസിക്കുന്നു.
കേരള കോൺഗ്രസ് എമ്മിന്റെ പൊളിറ്റിക്കൽ ക്രെഡിബിലിറ്റി തകർക്കാനായി ബോധപൂർവം നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായിട്ടു മാത്രമേ വീക്ഷണത്തിന്റെ മുഖപ്രസംഗത്തെയും തുടർന്ന് യുഡിഎഫ് നേതാക്കൾ നടത്തിയ പ്രതികരണങ്ങളെയും കാണാൻ സാധിക്കു. യുഡിഎഫിൽനിന്നു കേരള കോൺഗ്രസ് എമ്മിനെ ഗൂഢാലോചന നടത്തി ഏകപക്ഷീയമായി പുറത്താക്കുകയായിരുന്നു.
ഈ സത്യത്തെ മൂടിവയ്ക്കാനുള്ള തത്രപ്പാടാണ് യുഡിഎഫ് കേന്ദ്രങ്ങളിലെ ചിലർ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്.വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗത്തിൽ കെ.എം. മാണിയെക്കുറിച്ച് പറയുന്ന വാക്കുകളെ കേരളീയസമൂഹം അവജ്ഞയോടെ മാത്രമേ കാണൂ. യുഡിഎഫിനെ കെ.എം. മാണി അടക്കമുള്ള നേതാക്കൾ ചേർന്നു രൂപീകരിച്ചപ്പോൾ ഇപ്പോഴത്തെ പല നേതാക്കൾക്കും വള്ളിനിക്കർപോലും ഇടാതെ നടക്കുന്ന പ്രായമാണുണ്ടായിരുന്നതെന്നു കോൺഗ്രസുകാർ മറക്കുകയാണ്.
യുഡിഎഫിൽനിന്നു കേരള കോൺഗ്രസ്-എം പോയതോടെ യുഡിഎഫ് തകരുകയാണ് ചെയ്തത്. കോട്ടയം ജില്ലാ പഞ്ചായത്തുൾപ്പെടെ ത്രിതലപഞ്ചായത്തുകളില്ലാം എൽഎഡിഎഫ് വിജയക്കൊടി പാറിച്ചു. കേരളത്തിൽ രണ്ടാം പിണറായി സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തി.
കേരളനിയമസഭ ചരിത്രത്തിൽ റിക്കാർഡ് ആയിരുന്നു അത്. പിന്നിൽനിന്നു കുത്തി വീഴ്ത്താൻ ശ്രമിച്ചവരെയും രാഷ്ട്രീയമായി കേരള കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാൻ പരിശ്രമിച്ചവരെയും കേരള കോൺഗ്രസ് എം പ്രവർത്തകർ മറക്കില്ലെന്നും നവ പ്രതിച്ഛായ ചൂണ്ടിക്കാട്ടി.