ചെറുപുഴ: മതേതര ഭാരതം, കർഷകരക്ഷ, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരള കോൺഗ്രസ്-എം സംസ്ഥാന വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി നയിക്കുന്ന കേരള യാത്രക്ക് ഇന്ന് ശ്രീകണ്ഠപുരത്തും ഇരിട്ടിയിലും സ്വീകരണം നൽകും. ശ്രീകണ്ഠപുരത്ത് ഉച്ചകഴിഞ്ഞ് മൂന്നിനും ഇരിട്ടിയിൽ വൈകുന്നേരം അഞ്ചിനുമാണ് സ്വീകരണം. ഇതോടെ കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയാകും
ഇന്നലെ കാസർഗോഡ് നിന്ന് ആരംഭിച്ച യാത്രയ്ക്ക് കണ്ണൂർ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ ചെറുപുഴയിൽ ഉജ്വല വരവേൽപ്പാണ് നൽകിയത്. നരേന്ദ്ര മോദി ജയിക്കുമ്പോൾ തോൽക്കുന്നത് ജനാധിപത്യ ഇന്ത്യയാണെന്ന് ചെറുപുഴയിൽ നൽകിയ സ്വീകരണത്തിൽ ജോസ് കെ. മാണി എംപി പറഞ്ഞു.
കള്ളപ്പണം പിടികൂടി 15 ലക്ഷം രൂപ വീതം സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലിട്ടു നൽകുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി 15 രൂപ പോലും നൽകിയിട്ടില്ല. നോട്ട് നിരോധനവും വലിയ തട്ടിപ്പായിരുന്നു. ഭാരതമെന്ന വികാരം തകർക്കാനാണ് മോദി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജോയിസ് പുത്തൻപുര അധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റിൻ എംഎൽഎ, മുൻ എംപി ജോയി ഏബ്രഹാം, ജോയി കൊന്നക്കൽ, സജി കുറ്റ്യാനിമറ്റം, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള, ജോസഫ് മുള്ളൻമട, ഡെന്നി കാവാലം, ജോബിച്ചൻ മൈലാടൂർ, സാജു പുത്തൻപുര എന്നിവർ പ്രസംഗിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ചെറുപുഴയിൽ നിന്ന് 300 വാഹനങ്ങളുടെ അകമ്പടിയോടെ കണ്ണൂർ ജില്ലയിലെ പര്യടനം ആരംഭിക്കും. ശ്രീകണ്ഠാപുരത്തെ സ്വീകരണത്തിനു ശേഷം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജില്ലാതല സമാപന സ്വീകരണകേന്ദ്രം കൂടിയായ ഇരിട്ടിയിലേക്ക് ആനയിക്കും. ഇരിട്ടിയിലെ സ്വീകരണ പൊതുയോഗത്തില്‍ ഐക്യമുന്നണിയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.