സ്വന്തം ലേഖകന്‍
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കുമായി കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതിയോഗം 24ന് കോട്ടയത്ത് ചേരും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി ഫാക്ടറാണ് പ്രതിഫലിച്ചതെന്നാണ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം പാർട്ടി ചെയര്മാന് ജോസ് കെ. മാണി പ്രതികരിച്ചത്. പാർട്ടിയുടെ വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ല.
പുതുപ്പള്ളി മണ്ഡലത്തിലെ അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലാണ് കേരള കോണ്‍ഗ്രസ്-എമ്മിന് നിര്‍ണായക സ്വാധീനമുള്ളത്. ഇവിടെ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകള്‍ ഇടതു സ്ഥാനാര്‍ഥിക്കു കുറവാണ്.
എന്നാല്‍ വോട്ടു കുറഞ്ഞത് കേരള കോണ്‍ഗ്രസ് വോട്ടുകള്‍ നഷ്ടപ്പെട്ടതിനാലാണെന്ന് സിപിഎം ഇതുവരെ പറഞ്ഞിട്ടില്ല.ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു ഫലം വിശദമായി ചര്‍ച്ച ചെയ്യാനുള്ള നീക്കത്തിലാണ് കേരള കോണ്‍ഗ്രസ്. സര്‍ക്കാരിനെതിരെയുളള വിധിയെഴുത്തും പുതുപ്പള്ളിയിലുണ്ടായി എന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട് എന്നാല്‍ ഇക്കാര്യം പരസ്യമായി പ്രതികരിച്ചില്ലെന്നു മാത്രം.
പുതുപ്പള്ളി ഫലത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിലും മുന്നണിയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകതയും ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്യും.
ലോക്സഭ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നലെ തിരുവനന്തപുരുത്ത് എത്തിയ ജോസ് കെ. മാണിയും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജും മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് എന്നിവരുമായി കൂടികാഴ്ച നടത്തി.
കൂടിക്കാഴ്ചയില്‍ സീറ്റുകള്‍ സംബന്ധിച്ച കേരള കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചു. നിലവില്‍ സിറ്റിംഗ് സീറ്റായ കോട്ടയത്തിനു പുറമേ രണ്ടു സീറ്റുകള്‍ കൂടി വേണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ പത്തനംതിട്ട, ഇടുക്കി സീറ്റുകളാണ് പ്രധാനമായും അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
പാര്‍ട്ടിയുടെ ശക്തി കേന്ദ്രമാണ് കോട്ടയം. നിലവില്‍ സിറ്റിംഗ് സീറ്റുമാണ് കോട്ടയം. പാര്‍ട്ടിയുടെ മൂന്ന് എംഎല്‍എമാരുടെ മണ്ഡലം ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലം ഉറപ്പായും വേണമെന്ന നിലപാടാണ് നേതാക്കള്‍ സിപിഎമ്മിനെ അറിയിച്ചത്. ഇവിടെ പാര്‍ട്ടിക്കുള്ള വിജയ സാധ്യത ജോസ് കെ. മാണിയും സ്റ്റീഫന്‍ ജോര്‍ജും നേതാക്കളെ ധരിപ്പിച്ചു.
കോട്ടയം കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ഇടുക്കി സീറ്റിനുള്ള അവകാശവാദവും പാര്‍ട്ടി ഉന്നയിച്ചു. എന്നാല്‍ ഇവിടെ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ടു പോകുകയും ചെയ്തു.
സിപിഎം തങ്ങളുടെ നിലപാട് കേരള കോണ്‍ഗ്രസിനെ അറിയിച്ചതായണ് സൂചന. പാര്‍ട്ടിയുടെ മന്ത്രി ഇടുക്കി ലോക്സഭ മണ്ഡലത്തിലാണ്. ചാലക്കുടി ലോക്സഭ മണ്ഡലങ്ങളിലെ പാര്‍ട്ടിയുടെ വിജയ സാധ്യതയും വോട്ടുകണക്കും നേതാക്കള്‍ സിപിഎമ്മിനെ ധരിപ്പിച്ചിട്ടുണ്ട്. ക്രൈസ്തവ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലമാണ് ചാലക്കുടി. ഇവിടെ കേരള കോണ്‍ഗ്രസിനു നല്ല വോട്ട് ബാങ്കുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.