കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിനിർണയം സംബന്ധിച്ച അവ്യക്തത തുടരുന്നു. ഇന്നലെ നടന്ന കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റിയിലും പാർലമെന്ററി പാർട്ടിയിലും മത്സരിക്കാനുള്ള താത്പര്യം പി.ജെ. ജോസഫ് ആവർത്തിച്ചെങ്കിലും ഇദ്ദേഹത്തെ മത്സരിപ്പിക്കുന്നതിൽ ഒരു വിഭാഗത്തിനുള്ളിൽ അഭിപ്രായവ്യത്യാസം ഉരുത്തിരിഞ്ഞു.
സ്ഥാനാർഥിനിർണയ തീരുമാനം കെ.എം. മാണിയെ ചുമതലപ്പെടുത്തിയാണ് ഇന്നലെ നേതൃയോഗം പിരിഞ്ഞതെങ്കിലും സുതാര്യമായി ഇക്കാര്യത്തിൽ തീരുമാനമുണ്ടാകില്ലെന്ന് വ്യക്തം. പി.ജെ. ജോസഫിനെ കോട്ടയത്ത് സ്ഥാനാർഥിയാക്കേണ്ടതില്ലെന്ന് ഒരു വിഭാഗം ഇന്നലെ വൈകുന്നേരം മുതൽ സമ്മർദം ചെലുത്തിയെന്നാണ് കെ.എം. മാണിയുമായി അടുപ്പമുള്ളവർ പറയുന്നത്.
കോട്ടയം ലോക്സഭാ മണ്ഡലം പരിധിയിലെ ആറ് നിയോജകമണ്ഡലം പ്രസിഡന്റുമാരുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും അഭിപ്രായം ആരായനും അത് എഴുതിവാങ്ങാനും കെ.എം. മാണി ഇന്ന് അടിയന്തര യോഗം വിളിച്ചുകൂട്ടിയിരിക്കുകയാണ്. മാണിയുടെ പാലായിലെ വസതിയിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് യോഗം വിളിച്ചുകൂട്ടിയിരിക്കുന്നത്.
ജോസഫിനെ സ്ഥാനാർഥിയാക്കുന്നില്ലെങ്കിൽ പാർട്ടി പിളർപ്പിലേക്ക് നീങ്ങുമോ എന്നതാണ് ഇന്നും നാളെയും കാത്തിരുന്നുകാണേണ്ടത്. സ്ഥാനാർഥിനിർണയം കീറാമുട്ടിയായതോടെ ഇരു വിഭാഗവും പരസ്യപ്രസ്താവനകൾ പുറപ്പെടുവിച്ചുതുടങ്ങി.
കോട്ടയത്ത് വി.എൻ. വാസവനോടു മത്സരിച്ചു ജയിക്കാൻ ജോസഫല്ലാതെ മറ്റൊരു സ്ഥാനാർഥിയില്ലെന്നും ഇതുണ്ടാകുന്നില്ലെങ്കിൽ ജോസഫ് സ്വതന്ത്രനായി മത്സരിക്കണമെന്നും ജോസഫ് വിഭാഗം പറയുന്നു. കോട്ടയത്ത് ജോസഫിനെ സ്ഥാനാർഥിയാക്കണമന്ന താത്പര്യമാണ് കോണ്ഗ്രസിനുള്ളതെന്നും ഇക്കാര്യം മാണിവിഭാഗത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു.
ഇന്നു വൈകുന്നേരമോ നാളെയോ അതിസുപ്രധാനമായ തീരുമാനങ്ങളും നീക്കങ്ങളും കേരള കോണ്ഗ്രസ് -എമ്മിൽ ഉണ്ടാകുമെന്നാണ് ഇന്നലെ രാത്രിക്കു ശേഷമുള്ള രാഷ്ട്രീയ നീക്കങ്ങളിൽനിന്നു വ്യക്തമാകുന്നത്. ജോസഫ് മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് ജനപക്ഷം നേതാവ് പി.സി. ജോർജ് ഇന്നു രാവിലെ കോട്ടയത്തു പ്രഖ്യാപിച്ചു.
കോട്ടയത്ത് കേരള കോൺഗ്രസ് എം വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥി വരണമെന്നാണ് പാർട്ടിയുടെ താത്പര്യമെന്ന് കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു. ഒരു പടികൂടി കടന്ന് സ്ഥാനാർഥി കോട്ടയം ജില്ലയിൽ നിന്നുതന്നെയാകുമെന്ന് മറ്റൊരു പ്രമുഖൻ വ്യക്തമാക്കി.