തിരുവനന്തപുരം: കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് ലീഗിന് തുടക്കമാകുന്നു. ഐപിഎൽ മാതൃകയിൽ സംസ്ഥാനത്ത് ആദ്യമായി അരങ്ങേറുന്ന കേരളാ ക്രിക്കറ്റ് ലീഗിന് സെപ്റ്റംബർ രണ്ടിന് കാര്യവട്ടം അന്താരാഷാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ കേരളാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ലീഗിൽ ആറു ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നീ ടീമുകളാണ് പോരാട്ടത്തിനിറങ്ങുന്നത്.
19 ദിവസങ്ങളിലായി 33 മത്സരങ്ങളാണ് ഈ പരന്പരയിൽ ഉൾപ്പെടുന്നത്. സെപ്റ്റംബർ രണ്ടിന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആലപ്പി റിപ്പിൾസ് തൃശൂർ ടൈറ്റൻസുമായി ഏറ്റുമുട്ടും.
അന്നത്തെ രണ്ടാം മത്സരത്തിൽ ട്രിവാൻട്ഡ്രം റോയൽസ് കൊച്ചി ബ്ലൂ ടൈഗേഴ്സിനോട് ഏറ്റുമുട്ടും. സെപ്റ്റംബർ 17ന് ഉച്ചകഴിഞ്ഞ് 2.30 ന് ഒന്നാം സെമിയും വൈകുന്നേരം 6.45ന് രണ്ടാം സെമിയും നടക്കും. 18ന് വൈകുന്നേരം 6.45നാണ് കലാശപ്പോരാട്ടത്തിന് കാര്യവട്ടം സ്റ്റേഡിയം വേദിയാകുക.
മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ലൈവായി സംപ്രേഷണം ചെയ്യും. ഫാൻകോഡിന്റെ ഒടിടി പ്ലാറ്റ്ഫോമിലും മത്സരങ്ങൾ കാണാനാകും. രണ്ടിന് വൈകുന്നേരം നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ നടൻ മോഹൻലാൽ പങ്കെടുക്കും. ചടങ്ങിൽ ട്വിന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗം സഞ്ജു സാംസണെ ആദരിക്കും.
ഐപിഎൽ മാതൃകയിൽ താരലേലത്തിലൂടെ കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത കളിക്കാരെയാണ് ആറു ടീമുകളും സ്വന്തമാക്കിയത്. കെസിഎൽ ചാന്പ്യൻമാരെ കാത്തിരിക്കുന്നത് 30 ലക്ഷം രൂപയാണ്. രണ്ടാം സ്ഥാനക്കാർക്ക് 20 ലക്ഷം രൂപ സമ്മാനമായി നൽകും. വ്യക്തിഗത പുരസ്കാരങ്ങളടക്കം 60 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക.
ടീമുകൾ
ട്രിവാൻഡ്രം റോയൽസ്
ഉടമ: പ്രിയദർശൻ, ജോസ് പട്ടാറ കണ്‍സോഷ്യം.
പരിശീലകൻ: ബാലചന്ദ്രൻ.
ഐക്കണ്‍ പ്ലെയർ: പി.എ. അബ്ദുൾ ബാസിത്.
ഏരീസ് കൊല്ലം സെയിലേഴ്സ്
ഉടമ: സോഹൻ റോയ്, ഏരീസ് ഗ്രൂപ്പ്.
പരിശീലകൻ: വി.എ. ജഗദീഷ്.
മെന്റർ: ശ്രീശാന്ത്.
ഐക്കണ്‍ പ്ലയർ: സച്ചിൻ ബേബി.
ആലപ്പി റിപ്പിൾസ്
ഉടമ: ടി.എസ്. കലാധരൻ, കണ്‍സോൾ ഷിപ്പിംഗ് സർവീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.
പരിശീലകൻ: പ്രശാന്ത് പരമേശ്വരൻ.
ഐക്കണ്‍ പ്ലയർ: മുഹമ്മദ് അസ്ഹറുദ്ദീൻ.
കൊച്ചി ബ്ലൂ ടൈഗേഴ്സ്
ഉടമ: സുഭാഷ് ജോർജ് മാനുവൽ, എനിഗ്മാറ്റിക് സ്മൈൽ റിവാർഡ്സ് പ്രൈവറ്റ് ലിമിറ്റഡ്.
പരിശീലകൻ: സെബാസ്റ്റ്യൻ ആന്റണി.
ഐക്കണ്‍ പ്ലയർ: ബേസിൽ തന്പി.
തൃശൂർ ടൈറ്റൻസ്
ഉടമകൾ: സജാദ് സേഠ്, ഫൈനസ് കണ്‍സോർഷ്യം.
പരിശീലകൻ: സുനിൽ ഒയാസിസ്.
ഐക്കണ്‍ പ്ലയർ: വിഷ്ണു വിനോദ്.
കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്
ഉടമകൾ: സഞ്ജു മുഹമ്മദ്, ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ.
പരിശീലകൻ: ഫിറോസ് വി. റഷീദ്.
ഐക്കണ്‍ പ്ലയർ: രോഹൻ കുന്നുമ്മൽ