തിരുവനന്തപുരം: പോരാട്ടം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സൗഹൃദം പങ്കുവയ്ക്കാനായി നായകന്മാര് ഒത്തുചേര്‍ന്നു.
അടുത്ത മാസം രണ്ടു മുതല്‍ 18 വരെ കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളാ ക്രിക്കറ്റ് ലീഗിനായുള്ള ആറു ടീമുകളുടെയും ക്യാപ്റ്റന്മാരാണ് ഇന്നലെ ഒത്തുചേര്‍ന്നത്. കളിക്കുക, കപ്പടിക്കുക എന്നതായിരുന്നു നായകന്മാര്ക്ക് പറയാനുണ്ടായിരുന്നത്.
ബേസില്‍ തമ്പി (കൊച്ചി ബ്ലൂ ടൈഗേഴ്സ്), മുഹമ്മദ് അസറുദ്ദീന് (ആലപ്പി റിപ്പിള്‍സ്), സച്ചിന് ബേബി (ഏരീസ് കൊല്ലം സെയ്ലേഴ്സ്), റോഹന്‍ എസ്. കുന്നുമ്മേല്‍ (കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്), വരുണ്‍ നായനാര്‍ (തൃശൂര്‍ ടൈറ്റന്‍സ്), അബ്ദുള്‍ ബാസിത് (ട്രിവാന്‍ഡ്രം റോയല്‍സ്) എന്നിവരാണ് പോരാട്ടത്തിനു മുമ്പുള്ള കാര്യങ്ങള്‍ വിശദീകരിച്ചത്. കേരളാ ക്രിക്കറ്റ് ലീഗ് നടക്കുന്നതിലൂടെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം വരുമെന്നതില്‍ ആറു നായകന്മാര്ക്കും ഒരേ അഭിപ്രായമായിരുന്നു.
മറ്റ് സംസ്ഥാനങ്ങള്‍ നേരത്തേതന്നെ പ്രീമിയര്‍ ലീഗുകള്‍ ആരംഭിച്ചുവെങ്കിലും കേരളത്തില്‍ തുടങ്ങാന്‍ വൈകി. അപ്പോഴും മുന്നില്‍ വലിയ സാധ്യതകളാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സാധാരണ താരങ്ങള്‍ക്ക് മുന്‍നിര പോരാട്ടങ്ങളിലേക്ക് കടക്കുന്നതിനുള്ള ഒരു അവസരമാണ് കേരളാ ക്രിക്കറ്റ് ലീഗ് എന്ന് സച്ചിന് ബേബി പറഞ്ഞു.
ബൗളര്‍മാര്‍ക്ക് നിര്‍ണായ റോളാണ് ടൂര്ണമെന്റിലുള്ളതെന്നും കളിക്കാരുടെ സമ്മര്‍ദം പരമാവധി കുറച്ച് അവരെ സ്വതന്ത്രരായി കളിക്കാന്‍ അനുവദിക്കുമെന്നുമായിരുന്നു ബേസില്‍ തമ്പിയുടെ പ്രതികരണം. സംസ്ഥാനത്ത് ആദ്യമായി ലീഗ് നടത്തുന്നതോടെ പുതിയ അനുഭവമായിരിക്കും ഓരോ കളിക്കാര്‍ക്കും.
അവസരങ്ങള്‍ പരമാവധി മുതലാക്കാന്‍ ഓരോരുത്തരും ശ്രമിക്കണമെന്നും വരുണ്‍ നായനാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി മികച്ച പരിശീലനത്തിലായിരുന്നു ടീമുകളെല്ലാം, അതുകൊണ്ടുതന്നെ നല്ല മല്‍സരം കെസിഎല്ലില്‍ ഉറപ്പായിരിക്കുമെന്ന് രോഹന് എസ്. കുന്നുമ്മേല്‍ വ്യക്തമാക്കി.
മുതിര്‍ന്ന കളിക്കാരെന്നോ ജൂണിയര്‍ താരങ്ങളെന്നോ വ്യത്യാസമില്ലാതെ എല്ലാവരും കഠിനാധ്വാനം ചെയ്യുന്നതിനാല്‍ ലീഗില്‍ അതിശക്തമായ മത്സരങ്ങള്‍ പ്രതീക്ഷിക്കാമെന്ന് അബ്ദുള്‍ ബാസിത് വ്യക്തമാക്കി. ലീഗ് നടക്കുന്നതിലൂടെ കേരളത്തിലെ താരങ്ങള്‍ക്ക് മികച്ച അവസരമാണ് ഒരുങ്ങിയതെന്ന് മുഹമ്മദ് അസറുദ്ദീന് പറഞ്ഞു.
‘ടൈറ്റന്‍സിന്റെ ലക്ഷ്യം ഐപിഎല്‍ താരങ്ങളെ വാര്‍ത്തെടുക്കുക’
തിരുവനന്തപുരം: കേരളത്തില്‍നിന്ന് കൂടുതല്‍ ഐപിഎല്‍ താരങ്ങളെ വാര്‍ത്തെടുക്കുകയാണ് ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിന്റെ ലക്ഷ്യമെന്ന് ടീം ഉടമയും ഫിനെസ് ഗ്രൂപ്പ് ഡയറക്ടറുമായ സജ്ജാദ് സേഠ് പറഞ്ഞു.
കഴിവുള്ള നിരവധി താരങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടെങ്കിലും പലര്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും നല്ല കളിക്കാരെ ദേശീയതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനും കേരള ക്രിക്കറ്റ് ലീഗിന് സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രാഞ്ചൈസി സ്വന്തമാക്കിയത് കേരളത്തില്‍ സ്പോര്‍ട്സ് കള്‍ച്ചർ സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഐപിഎല്‍ താരവും ടീമിന്റെ ഐക്കണ്‍ പ്ലെയറുമായ വിഷ്ണു വിനോദിന് ക്യാപ്റ്റന്‍ പദവി നല്‍കാതിരുന്നത് അദ്ദേഹത്തിന് കളിയില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കാനും ടെന്‍ഷന്‍ ഫ്രീയായി കളിക്കാനുമാണെന്ന് ടീം മെന്റര്‍ സുനില്‍ കുമാര്‍ പറഞ്ഞു.
ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിന് ലഭിച്ചത് യുവനിരയിലെ പ്രമുഖതാരങ്ങളെയാണെന്ന് ടീം കോച്ച് സുനില്‍ ഒയാസിസ് പറഞ്ഞു.