സീമ മോഹൻലാൽ
ഫെബ്രുവരി 11ന് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ ആദ്യഘട്ട ഉദ്ഘാടനത്തിനായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് എത്തുന്നതിന് നാലു ദിവസം മുമ്പാണ് കൊലപാതകം നടന്നത്.
സുരക്ഷാ ഡ്യൂട്ടിക്കിടയിലും അന്വേഷണസംഘം പ്രതിക്കായുള്ള അന്വേഷണത്തിലായിരുന്നു. ബിജു ഹോട്ടലില്‍ നല്കിയ മേല്‍വിലാസവുമായി പോലീസ് കൊച്ചി നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും ലോഡ്ജുകളിലും ഹോട്ടലുകളിലും കോങ്കണ്ണുള്ള പ്രതിക്കായി കയറിയിറങ്ങി. പക്ഷേ നിരാശയായിരുന്നു ഫലം.
കച്ചേരിപ്പടിയിലുള്ള പോലീസിന്റെ നിരീക്ഷണക്കാമറയിൽനിന്നുപ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മുഖം വ്യക്തമായിരുന്നില്ല. തുടർന്നു പ്രതിയുടെ രേഖാചിത്രം തയാറാക്കി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു.
എങ്കിലും പ്രതി കാണാമറയത്തുതന്നെയായിരുന്നു. കൊലപാതകി മറ്റു ലോഡ്ജുകളില്‍ താമസിച്ചിട്ടുണ്ടാകാമെന്ന ധാരണയില്‍ പോലീസ് ലോഡ്ജുകളിൽ പലതവണ പരിശോധന നടത്തി.
2000 മുതല്‍ 2011 വരെയുള്ള ലോഡ്ജുകളിലെ രജിസ്റ്ററുകള്‍ പരിശോധിച്ചു. ആ അന്വേഷണത്തിനൊടുവില്‍ ഒരു വര്‍ഷം മുമ്പ് ബിജു താമസിച്ച ലോഡ്ജില്‍ നല്കിയ ബിജു, പാറയില്‍ വീട്, നീണ്ടകര എന്ന മേല്‍വിലാസത്തിനൊപ്പം ഒരു ഫോണ്‍ നമ്പറും കൂടികിട്ടി. ആ ഫോണ്‍ നമ്പറിന്റെ കോള്‍ ഡീറ്റെയിൽസ് പോലീസ് പരിശോധിച്ചു.
ഏഴു പേര് മാത്രമാണ് ആ നമ്പറില്‍ ബന്ധപ്പെട്ടിരുന്നത്. അതിലൊരു നമ്പറിലേക്കാണ് കൂടുതല്‍ കോളുകള്‍ പോയിരുന്നത്. പോലീസ് അന്വേഷണത്തില്‍ അത് തൃപ്പൂണിത്തുറ ആല്‍എല്‍വി കോളജിലെ മുന്‍ അധ്യാപികയുടേതാണെന്ന് കണ്ടെത്തി. ഉടന്‍ പോലീസ് സംഘം അധ്യാപികയുടെ വീട്ടിലെത്തി.
പക്ഷേ അവര്‍ക്ക് ബിജുവുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. കുറ്റവാളിയുടെ സുഹൃത്തുക്കള്‍, മുന്‍ സഹപ്രവര്‍ത്തകര്‍, ബന്ധുക്കള്‍ എന്നിവരെയെല്ലാം കണ്ടെത്തി അവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും പ്രതി കാണാമറയത്തുതന്നെ നിന്നു.
വഴിത്തിരിവായി ‘ലിബര്‍ട്ടി ബിജു’
ലോഡ്ജുകളിൽ കയറിയിറങ്ങവേ അന്വേഷണ സംഘത്തിന് ലഭിച്ച ലിബര്‍ട്ടി ബിജു എന്ന പേര് വഴിത്തിരിവായി. ഇതിന്റെ ചുവടുപിടിച്ച് നടന്ന അന്വേഷണത്തില്‍ എറണാകുളം മാധവ ഫാര്‍മസി ജംഗ്ഷനില്‍ 2000 കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലിബർട്ടി ഹോട്ടലിന്റെ പേരിൽനിന്നാണ് ലിബര്‍ട്ടി ബിജു എന്ന പേര് വന്നതെന്ന വിവരം ലഭിച്ചു.
ആ ഹോട്ടല്‍ പൂട്ടിപ്പോയിരുന്നു. ജോലിതേടി അന്ന് കൊച്ചിയിലെത്തിയ ബിജുവിനെ സഹോദരനാണ് ലിബർട്ടി ഹോട്ടലില്‍ ജോലിക്കായി എത്തിച്ചത്.
പൊറോട്ട അടിക്കലും സപ്ലൈയുമൊക്കെയായി ആറുവര്‍ഷത്തോളം ബിജു ഈ ഹോട്ടലില്‍ ജോലി ചെയ്തു. അന്നുമുതല്‍ ഇയാള്‍ ലിബര്‍ട്ടി ബിജു എന്നാണ് അറിയപ്പെട്ടിരുന്നത്.
അതിനുശേഷമാണ് ഇയാള്‍ മറ്റു ഹോട്ടലുകളിലേക്കു മാറിയത്. ഈ വിവരം കേസ് അന്വേഷണത്തില്‍ തുന്പായി മാറി.
അഞ്ചാം ദിവസം പ്രതിയിലേക്ക്
കേസ് അന്വേഷണം തുടങ്ങി അഞ്ചാം ദിവസം മാധവ ഫാര്‍മസി ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ലിബര്‍ട്ടി ഹോട്ടലുടമയുടെ വീട്ടില്‍ പോലീസ് പരിശോധനയ്ക്ക് എത്തി.
ഹോട്ടലുടമയുടെ വീട്ടിലെ ഗോഡൗണിലായിരുന്നു ഹോട്ടലിലെ പറ്റിന്റെ കണക്കുകളും ഹോട്ടല്‍ ബില്ലുകളുമൊക്കെ സൂക്ഷിച്ചിരുന്നത്. എസ്ഐ വിജയശങ്കര്‍ ആ ഗോഡൗണ്‍ പരിശോധിക്കാന്‍ തീരുമാനിച്ചു.
പരിശോധനയ്ക്കിടയിലാണ് നിര്‍ണായകമായ ആ തെളിവ് ലഭിച്ചത്. ഒരു പൊറോട്ട അടിച്ചതിന് 20 പൈസ നിരക്കില്‍ രൂപ കൈപ്പറ്റിയെന്ന് ബിജു പേരും മേല്‍വിലാസവും എഴുതി ഒപ്പിട്ട വൗച്ചറായിരുന്നു അത്. അതില്‍ പാറയില്‍ വീട് വെഞ്ഞാറമൂട് എന്ന അഡ്രസായിരുന്നു ഉണ്ടായിരുന്നത്.
ഉടന്‍ പോലീസ് സംഘം വെഞ്ഞാറമൂടിലെ ആ വീട്ടിലേക്ക് പുറപ്പെട്ടു. പക്ഷേ 12 വര്‍ഷം മുമ്പ് ഇയാള്‍ അവിടെനിന്നു നാടുവിട്ടുപോയെന്നാണ് സഹോദരനില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്.
നിരാശരായ പോലീസ് സംഘം കൊച്ചിയിലേക്ക് മടങ്ങി. മറഞ്ഞിരിക്കുന്ന കൊലപാതകിയെ എങ്ങനെയെങ്കിലും കണ്ടെത്തണമെന്ന നിശ്ചയദാര്‍ഢ്യത്തിലായിരുന്നു വിജയശങ്കറും സംഘവും.
ഒടുവില്‍ പിടിവീണു
ഇടപ്പള്ളിയിലെ ഹോട്ടലില്‍ ബിജു ജോലി ചെയ്യുമ്പോഴുണ്ടായിരുന്ന സമയത്ത് പ്രായമായ ഒരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ആ സ്ത്രീയെക്കുറിച്ച് വിവരം ലഭിച്ച പോലീസ് സംഘം ആ സ്ത്രീയെ കണ്ടെത്തി ചോദ്യം ചെയ്തു.
രണ്ടു ദിവസം മുമ്പ് ഒരു ലാന്‍ഡ് ലൈന്‍ നമ്പറില്‍നിന്ന് ബിജു തന്നെ വിളിച്ചിരുന്നതായി അവര്‍ അറിയിച്ചു. തുടര്‍ന്ന് സ്ത്രീയുടെ ഫോണ്‍ നമ്പറിലെ കോള്‍ ഡീറ്റെയില്‍സ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അത് അങ്കമാലിയിലെ ഒരു ലോഡ്ജിലേതായിരുന്നുവെന്നു കണ്ടെത്തി.
അവിടത്തെ പല ലോഡ്ജുകളില്‍ പോലീസ് പരിശോധന നടത്തി. ആ പരിശോധനയില്‍ ഒരു ലോഡ്ജില്‍നിന്ന് ബിജു, പാറയില്‍ വീട്, നീണ്ടകര എന്ന വിലാസം കിട്ടി.
ലോഡ്ജ് ജീവനക്കാരെ ചോദ്യം ചെയ്തപ്പോള്‍ ആ മേല്വിലാസക്കാരന് അവിടെനിന്നു പോയതായാണ് അറിയിച്ചത്. വീണ്ടും അങ്കമാലിയിലെ രണ്ടു മൂന്നു ലോഡ്ജുകള്‍ കൂടി പോലീസ് പരിശോധിച്ചു.
അപ്പോഴാണ് അങ്കമാലിയിലെ മറ്റൊരു ലോഡ്ജില്‍ ബിജു താമസിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് എസ്. വിജയശങ്കറും സംഘവും ആ ലോഡ്ജിലെത്തി. ബിജു ബസ് സ്റ്റാന്‍ഡിനുള്ളിലെ ഒരു കാന്റീനില്‍ ജോലി ചെയ്യുന്നുണ്ടെന്ന വിവരം അവിടെനിന്നു ലഭിച്ചു.
(തുടരും)