തിരുവനന്തപുരം: ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ ഇന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മുഴങ്ങും. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകുന്നതിനായാണ് സൈറൺ. രാവിലെ11 മുതലാണ് പരീക്ഷണാർഥം സൈറണുകൾ മുഴക്കുന്നത്.
ദുരന്ത നിവാരണ അതോറിറ്റി ‘കവചം’ എന്ന പേരിൽ 85 സ്ഥലങ്ങളിലായാണ് സൈറണുകൾ സ്ഥാപിച്ചിരിക്കുന്നത്. 19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതൽ 2.50 വരെയുള്ള സമയങ്ങളിലും ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകുന്നേരം നാല് മണിക്ക് ശേഷവും നടക്കും.
ഇതിന് പുറമേ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലും സൈറണുകൽ സ്ഥാപിച്ചിട്ടുണ്ട്.
സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കും. പരീക്ഷണമായതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അതോറിറ്റി അറിയിച്ചു.