തിരുവനന്തപുരം: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ/ ഡെന്റൽ കോളജുകളിലെ ജൂനിയർ ഡോക്ടർമാർ പണിമുടക്ക് തുടങ്ങി.
ഒപി , വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിച്ചതോടെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. പി ജി ഡോക്ടർമാരും ഹൗസ് സർജന്മാരും പണിമുടക്കുന്നുണ്ട്.
സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കുക, കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുക, ഉത്തരവാദികളായ അധികൃതരുടെ രാജി എന്നിവ ആവശ്യപ്പെട്ട് നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന് ഭാഗമായാണ് കേരളത്തിലെ 24 മണിക്കൂർ പണിമുടക്ക്.
സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാംപസിൽ ഇന്നലെ മെഴുകുതിരികൾ കത്തിച്ച് പ്രതിഷേധിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരുമെന്ന് ഡോക്ടർമാരുടെ സംഘടനകൾ അറിയിച്ചു. ഐ.എം.എ ശനിയാഴ്ച രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട് .