എം.പ്രേംകുമാർ
തിരുവനന്തപുരം : ഏതു വിധേനയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു സീറ്റെങ്കിലും നേടണമെന്ന ബിജെപിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമോയെന്ന ചോദ്യമാണ് തെരഞ്ഞെടുപ്പിനു മൂന്നു മാസം മാത്രം അവശേഷിക്കേ രാഷ്ട്രീയ കേരളം ഇപ്പോൾ പ്രധാനമായും ചർച്ച ചെയ്യുന്നത്. ഒരു ബൈപാസ് ഉദ്ഘാടനം ചെയ്യാൻ വേണ്ടി മാത്രം ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ധൃതിപിടിച്ച് ഇന്നു കേരളത്തിൽ എത്തുന്നതിനു പിന്നിൽ മറ്റു ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെന്നുള്ളതു വ്യക്തമാണ്.
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിലും സംവരണത്തിന്റെ കാര്യത്തിലും തങ്ങളുമായി ഏറെ സൗഹൃദത്തിലുള്ള എൻഎസ്എസിനെ രാഷ്ട്രീയമായി കൂടെ നിർത്താനുള്ള ദൗത്യമാണു കേരളത്തിൽ മോദിക്ക് ആദ്യം നിർവഹിക്കാനുള്ളത്. അതുവഴി തെരഞ്ഞെടുപ്പിൽ മുന്നോക്ക സമുദായങ്ങളുടെ വോട്ടുകൾ സമാഹരിക്കുകയെന്നതാണു ആത്യന്തികമായ ലക്ഷ്യം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം മത്സരിക്കണമെന്ന കാഴ്ചപ്പാടാണു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കുള്ളത്. എന്നാൽ നേതാക്കളുടെ ഇഷ്ടമനുസരിച്ചു മണ്ഡലങ്ങൾ തെരഞ്ഞെടുക്കുന്ന രീതി ഉണ്ടാകരുതെന്ന നിർദേശവും അമിത് ഷാ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിനു നൽകിയിട്ടുണ്ട്. സാമുദായിക പരിഗണന നോക്കി ജയസാധ്യതയുള്ള സ്വതന്ത്രരേയും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി ഏറ്റവും വിജയ സാധ്യത കാണുന്ന മണ്ഡലം തിരുവനന്തപുരമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഇവിടെ ബിജെപിക്കു കിട്ടിയ വോട്ടുകൾ തന്നെയാണ് ഇതിനാധാരം. പൊതുവേ നായർ വോട്ട് ഏറെയുള്ള മണ്ഡലമാണ് തിരുവനന്തപുരം. ശബരിമല വിഷയത്തിൽ എൻഎസ്എസിന്റെ പരോക്ഷമായ പിന്തുണയോടെ നടന്ന അയ്യപ്പജ്യോതിയിൽ തിരുവനന്തപുരത്തു വലിയ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്. ഇടതുപക്ഷ അനുഭാവികളായ സ്ത്രീകൾ പോലും വിശ്വാസത്തിന്റെ പേരിൽ അയ്യപ്പജ്യോതിയിൽ പങ്കെടുത്തിരുന്നു.
കാലാകാലങ്ങളായി കോണ്ഗ്രസിനു വോട്ടു ചെയ്തുവരുന്ന നായർ സമുദായത്തിലെ സ്്ത്രീകളും ജ്യോതിയിൽ പങ്കാളിയായി. ഇക്കാര്യം സിപിഎമ്മും കോണ്ഗ്രസും രഹസ്യമായി സമ്മതിക്കുന്ന കാര്യമാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ നായരായിട്ടുള്ള ഒരു നേതാവിനെ തന്നെ സ്ഥാനാർഥിയാക്കിയാൽ അക്കൗണ്ട് തുറക്കാമെന്ന ഉറച്ച വിശ്വാസമാണു ബിജെപി സംസ്ഥാന നേതൃത്വത്തിനുള്ളത്.
അതുകൊണ്ടാണ് ഇപ്പോൾ മിസോറാം ഗവർണറായിട്ടുള്ള കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്നു പാർട്ടി ദേശീയ അധ്യക്ഷനോടു ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനോട് അമിത്ഷാ ഇതുവരെയും അനുകൂലമായ ഒരു നിലപാടെടുത്തിട്ടില്ല. എന്നാൽ ഇപ്പോൾ രാജ്യസഭാ എംപിയായിട്ടുള്ള സുരേഷ് ഗോപിയുടെ പേരും ഉയർന്നുവന്നിട്ടുണ്ട്.
കുമ്മനമോ സുരേഷ് ഗോപിയോ മത്സരിക്കണമെന്ന അഭിപ്രായമാണ് ആർഎസ്എസിനും ഉള്ളത്. ഈ മാസം അവസാനം കേരളത്തിലെത്തുന്ന അമിത്ഷാ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കാണും. ഇതിനുശേഷമാകും തിരുവനന്തപുരത്തെ സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുക.
ബിജെപിയുടെ പ്രധാന നേതാക്കളായ എം.ടി.രമേശ്, കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, സി.കെ.പദ്മനാഭൻ എന്നിവർ മത്സരിക്കും. കണ്ണൂരിലാകും പദ്മനാഭൻ മത്സരിക്കുക. എം.ടി.രമേശ് പത്തനംതിട്ടയിലും ശോഭ സുരേന്ദ്രൻ പാലക്കാടും കെ.സുരേന്ദ്രൻ തൃശൂരിലും മത്സരിക്കാൻ സാധ്യതയുണ്ട്. ഇന്നു കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി നേതാക്കളുമായി തെരഞ്ഞെടുപ്പിനെ സംബന്ധിച്ചു സംസാരിക്കാനിടയുണ്ട്.
കൊല്ലത്ത് ബിജെപിയുടെ രാഷ്ട്രീയ പൊതുയോഗത്തിൽ കഴിഞ്ഞ നാലരവർഷത്തെ ബിജെപി ഭരണത്തിലെ നേട്ടങ്ങൾ വിശദീകരിക്കുന്നതിനോടൊപ്പം കേന്ദ്ര സർക്കാർ കേരളത്തിനു നൽകിയ സഹായങ്ങളും അദ്ദേഹം പറയും. പ്രത്യേകിച്ചു പ്രളയവുമായി ബന്ധപ്പെട്ടു കേരളത്തിനു നൽകിയ സഹായമാകും കൂടുതൽ പ്രതിപാദിക്കുക. ശബരിമലയിലെ യുവതീപ്രവേശനവും സംസ്ഥാന സർക്കാരിന്റെ നിലപാടുകളും മോദിയുടെ പ്രസംഗത്തിൽ ഇടംപിടിച്ചാൽ ഇനിയുള്ള ദിനങ്ങളിലും തെരഞ്ഞെടുപ്പു പ്രചാരണ സമയത്തും ഇതു മുഖ്യ പ്രചാരണായുധമാകും.
ഒൗദ്യോഗിക പരിപാടികൾക്കായാണു പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതെങ്കിലും ലക്ഷ്യം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള രാഷ്ട്രീയ പ്രചാരണത്തിനു കൂടിയാണ്. കേരളത്തിലെ ഇരുമുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനു മുന്പ് സ്വന്തം സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനുള്ള ശ്രമമാണു ബിജെപി നടത്തുന്നത്. ഇതിനായി ദേശീയ ജനാധിപത്യ സഖ്യമെന്ന നിലയിലുള്ള സീറ്റു ചർച്ചകൾ ഉടൻ നടത്തും. പ്രധാനമായും ബിഡിജെഎസിനു നൽകേണ്ട സീറ്റുകളെ സംബന്ധിച്ചാണു കൂടുതൽ ആലോചനകൾ ബിജെപിക്കു നടത്തേണ്ടി വരിക.