സ്വന്തം ലേഖകൻ
തൃശൂർ: ദുരിതാശ്വാസത്തിന് എല്ലാം മറന്ന് നാട്ടുകാർ. ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും ജാതിമത ഭേദമില്ലാതെ വിവിധ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കണ്ണികളായി. വെള്ളംകയറി ദുരിതത്തിലായവരെ ക്യാന്പുകളിലേക്കു രക്ഷപ്പെടുത്തിയതു മുതൽ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ വസ്ത്രം, ഭക്ഷണം, പുതപ്പ്, മരുന്ന് തുടങ്ങിയവ അനവധി സന്നദ്ധ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ എത്തി.
ഇന്നലെ തൃശൂർ അതിരൂപതയിലെ പള്ളികളുടേയും ഇടവകാംഗങ്ങളുടേയും നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് ആവശ്യമായ ഭക്ഷണവും മറ്റും എത്തിച്ചു. വിവിധ പ്രസ്ഥാനങ്ങൾ കളക്ടറേറ്റിലെ കേന്ദ്രത്തിലേക്ക് ഭക്ഷണം, വസ്ത്രം, കുടിവെള്ളം, പ്രാഥമിക ശുശ്രൂഷ മരുന്നുകൾ, ശുചീകരണ ഉപകരണങ്ങൾ തുടങ്ങിയവ എത്തിച്ചു. കളക്ടറേറ്റിൽനിന്ന് ഇവ ആവശ്യാനുസരണം വിവിധ ക്യാംപുകളിലേക്ക് എത്തിക്കുന്നുണ്ട്.
കളക്ടറേറ്റിൽ മൂന്നിടങ്ങളിലായാണ് ഇവ ശേഖരിക്കുന്നത്. ഇന്നലെ രാവിലെ തമിഴ്നാട്ടിൽനിന്ന് ആയിരം കിലോ അരിയും കർണാടകയിൽ നിന്ന് 900 ലിറ്റർ പാലും എത്തി. ഇവ ചാലക്കുടിയിലെ ദുരിതാശ്വാസ ക്യാന്പുകളിൽ എത്തിച്ചു.
കളക്ടറേറ്റിലെ മെയിൻ പോർട്ടിക്കോ, ആസൂത്രണഭവൻ ഓഡിറ്റോറിയം, അയ്യന്തോൾ വനിതാ ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ആവശ്യവസ്തുക്കൾ സ്വീകരിക്കുകയും തരം തിരിച്ചു ക്യാന്പുകളിലേക്ക് അയക്കുകയും ചെയ്യുന്നത്. ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലുള്ള സംഘങ്ങളാണ് സാധനങ്ങളുടെ തരംതിരിവും പാക്കിംഗും നടത്തുന്നത്.
മന്ത്രി വി എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ രണ്ടു വലിയ ട്രക്ക് നിറയെ ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും അവശ്യ സാധങ്ങളും വസ്ത്രങ്ങളും പുള്ള്, ആലപ്പാട്ട് ഭാഗങ്ങളിലെ ക്യാന്പുകളിലെത്തിച്ചു. കൊടുങ്ങല്ലൂർ ഭാഗത്തേക്ക് രണ്ടു തവണയാണ് വലിയ ട്രക്കുകളിൽ സാധന വിതരണം നടന്നത്. ചാലക്കുടി, മാള, കുന്നംകുളം പ്രദേശങ്ങളിലെ ദുരിതാശ്വാസക്യാന്പുകളിലേക്കും അവശ്യ സാധങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു.