തിരുവനന്തപുരം: ദുരിതാശ്വാസ ക്യാന്പുകളിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും അടയാളങ്ങളും വഹിച്ചു കൊണ്ടു കയറാൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സംഘടനയിലെ പ്രമാണിത്വം ക്യാന്പിനുള്ളിൽ കാണിക്കാൻ അനുവദിക്കില്ല. അന്തേവാസികളുമായി സംസാരിക്കണമെങ്കിൽ പുറത്തിരുന്നു സംസാരിക്കണം. അന്തേവാസികളെ സഹായിക്കാൻ കൊണ്ടുവരുന്ന വസ്തുക്കൾ ക്യാന്പുകളിൽ ചുമതലപ്പെട്ടവരെ ഏൽപ്പിക്കണം. അതിന്റെ വിതരണവും മേൽനോട്ടവും അവരുടെ ഉത്തരവാദിത്തമാണ്- മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തിന്റെ സാഹചര്യത്തിൽ ആർഭാടകരമായ ചടങ്ങുകൾ ഒഴിവാക്കാനാവണം. വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങൾ ലളിതമായി നിർവഹിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.