തിരുവനന്തപുരം: പ്രളയത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനിടയിൽ തകർന്ന 466 വള്ളങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി 2.50 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. ലഭ്യമായ കണക്കു പ്രകാരം ഏഴു വള്ളം പൂർണ്ണമായി തകർന്നു.
തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ മലപ്പുറം ജില്ലകളിൽ നിന്ന് പോയ വളളങ്ങളാണ് പൂർണമായി തകർന്നത്. ഇവയ്ക്കു പകരം വള്ളം വാങ്ങി നൽകും. 459 വളളങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി. ഇത്തരം വളളങ്ങൾ ഒന്നും തന്നെ മത്സ്യബന്ധനത്തിന് ഉപയുക്തമല്ല.
ഇവ അറ്റകുറ്റപ്പണി നടത്തും. തിരുവനന്തപുരം ജില്ലയിലെ 98 വളളങ്ങളും കൊല്ലം ജില്ലയിലെ 148 വളളങ്ങളും ആലപ്പുഴയിലെ 100 വളളങ്ങളും എറണാകുളം ജില്ലയിലെ 70 വളളങ്ങളും തൃശ്ശൂരിലെ 12 വളളങ്ങളും, മലപ്പുറം ജില്ലയിലെ 19 വളളങ്ങളും കോഴിക്കോട് ജില്ലയിലെ നാലും കണ്ണൂരിലെ എട്ടു വളളങ്ങളുമാണ് ഭാഗികമായി തകർന്നത്.
3525 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് പങ്കെടുത്തത്. വെളളപ്പൊക്കത്തിൽ അകപ്പെട്ട 65,000 ലധികം ആളുകളെയാണ് മത്സ്യത്തൊഴിലാളികൾ രക്ഷിച്ചത്.