രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കേരളം കണ്ടതും കേട്ടതും ചെറിയ കാര്യമൊന്നുമായിരുന്നില്ല. ഒരു ജനതയുടെ അതിജീവനത്തിന്റെ കഥയായിരുന്നു അത്. നൂറ്റാണ്ടിലെ പ്രളയവും, ജാതി, മത വര്‍ണ, വ്യത്യാസങ്ങളെല്ലാം മറന്നുള്ള അതിജീവനവും ലോകത്തിനു മുന്നിലെത്തിക്കുകയാണ് ഡിസ്കവറി ചാനല്‍.
പ്രളയകാലത്തെ ചില ഊഷ്മളകാഴ്ചകള്‍ ഒരിക്കല്‍ കൂടി ഡോക്യുമെന്ററിയിലൂടെ കാണാം എന്ന് ചുരുക്കം. നേവി ഹെലികോപ്റ്ററില്‍ നിറവയറുമായി ഉയര്‍ന്നു പൊങ്ങിയ ഗര്‍ഭിണിയായ സ്ത്രീ, അഭയം നല്കിയ പള്ളികള്‍, അമ്പലങ്ങള്‍, ഉയിരു പണയം വെച്ച് സാഹസിക രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ അങ്ങനെ പലതും ഒരിക്കല്‍ കൂടി ലോകത്തെ കാട്ടിക്കൊടുക്കുന്നു ഡോക്യുമെന്ററി.
തകര്‍ന്ന കേരളത്തെയല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നതെന്നാണ് ചാനല്‍ വെസ് പ്രസിഡന്റും തലവനുമായ സുല്‍ഫിയ വാരിസ് പറഞ്ഞത്. ”കാലം മറന്നേക്കാവുന്ന ചില നന്മകളുണ്ട്. ആ നന്മകളെ ലോകം അറിയണം. ഒരുവലിയ തകര്‍ച്ചയില്‍ നിന്ന് കേരളം എങ്ങനെ അതിജീവിച്ചെന്നും ലോകം മനസ്സിലാക്കണം” സുല്‍ഫിയ പറഞ്ഞു. ഉള്‍ക്കരുത്തോടെ കേരളം നേരിട്ട പ്രളയം കേരള ഫ്ളഡ്സ്- ദി ഹ്യൂമന്‍ സ്റ്റോറി എന്ന പേരിലാണ് ഡിസ്കവറി ഡോക്യുമെന്ററിയാക്കിയത്.