കോഴിക്കോട്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടിയുള്ള ദുരിതാശ്വാസനിധിയുടെ പേരില്‍ ഭീഷണി “പിരിവ്’ വ്യാപകമാകുന്നതായി വ്യാപാരികളുടെ പരാതി. പിരിവ് നല്കാന് വിസമ്മതിച്ച കടയുടമയെ സന്നദ്ധ സംഘടനയുടെ പേരില്‍ പിരിവിനെത്തിയ സ്ത്രീയും ചോദ്യം ചെയ്യാനെത്തിയ സദാചാര ഗുണ്ടകളും മര്‍ദിച്ചു.
നിജസ്ഥിതി മനസിലാക്കി നിയമനടപടി സ്വീകരിച്ച പോലീസിനെതിരേ ഇപ്പോള്‍ അപവാദ പ്രചരണവുമായി ഒരു സംഘം രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം കടയുടമയുടേയും സ്ത്രീയുടേയും പരാതിയില്‍ കസബ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പാളയം കെ.വി. കോംപ്ലക്സിലെ പര്‍ദ്ദ ഷോപ്പില്‍ സന്നദ്ധസംഘടനയുടെ പേരുപറഞ്ഞാണ് സ്ത്രീയും ഏതാനും പെൺകുട്ടികളും എത്തിയത്.
കുറെ പർദ്ദകൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് സംഭാവന നൽകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് കെ.വി. കോംപ്ലക്സിലെ കച്ചവടക്കാരുടെ സംഘടന പണവും വസ്ത്രങ്ങളും നൽകിയിട്ടുണ്ടെന്നും അതിനാല്‍ ഇനിയും നല്‍കാനാവില്ലെന്നും കടയുടമ അറിയിച്ചു. ഇത് കേട്ടതോടെ സ്ത്രീ ക്ഷുഭിതയാവുകയായിരുന്നു.
കടയുടമയോട് തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. സ്ത്രീയുടെ പെരുമാറ്റം അസഹ്യമായതോടെ കടയുടമ പ്രതികരിച്ചപ്പോള്‍ സ്ത്രീ ശാരീരികയായി മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റതിനെ തുടര്‍ന്ന് കടയുടമ സ്ത്രീയേയും മര്‍ദിച്ചു. ഇതോടെ കടയില്‍ നിന്നും സ്ത്രീയും ഒപ്പമുണ്ടായിരുന്ന യുവതികളും മടങ്ങി.
അല്‍പ്പസമയത്തിന് ശേഷം സദാചാരവാദം പറഞ്ഞ് ചിലര്‍ രംഗത്തെത്തി കടയുടമയെ വീണ്ടും മര്‍ദിച്ചുവെന്നാണ് പരാതി. ഇതേസമയം തന്നെ സ്ത്രീ കസബ പോലീസിലെത്തി കടയുടമ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി പരാതി നല്കി. തന്നെ ശാരീരികമായി അപമാനിച്ചുവെന്നായിരുന്നു സ്ത്രീയുടെ പരാതി.
സംഭവത്തക്കുറിച്ച് അന്വേഷിക്കാന്‍ കടയിലെത്തിയ പോലീസുകാര്‍ മൊഴിയെടുത്തപ്പോഴാണ് തന്നെ മര്‍ദിച്ചതായുള്ള വിവരം കടയുടമ പറയുന്നത്. സ്ത്രീയുടെ മര്‍ദനത്തിനു പുറമേ സദാചാര ഗുണ്ടകളുടെ മര്‍ദനവും ഏല്‍ക്കേണ്ടി വന്നതായി കടയുടമ മൊഴി നല്കി. തുടർന്ന് കടയുടമയുടെ പരാതിയിൽ സ്ത്രീയ്ക്കെതിരെയും കേസെടുത്തു. ഇതറിഞ്ഞ സ്ത്രീ കൂടുതൽ പ്രകോപിതയായതായി പോലീസ് പറയുന്നു.
സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ കടയിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. സ്ത്രീ കടയിലെത്തുന്നതും കടയുടമയോട് തര്‍ക്കിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കൂടാതെ കടയിൽ വസ്ത്രം വാങ്ങാനെത്തിയ മറ്റൊരു സ്ത്രീയും കടയുടമയ്ക്ക് അനുകൂലമായി പോലീസിന് വിശദമായി മൊഴി നല്കി . അതേസമയം കടയുടമയുടെ പരാതിയില്‍ കേസെടുക്കരുതെന്ന ആവശ്യവുമായി സ്ത്രീ വീണ്ടും രംഗത്തെത്തി.
തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് സ്ത്രീ ആവര്‍ത്തിച്ചു പറയുന്നത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇത് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ കടയില്‍ ഈ സമയമുണ്ടായിരുന്ന സ്ത്രീയും ഇതുസംബന്ധിച്ചുള്ള മൊഴി നല്‍കിയിട്ടില്ല. അതിനാല്‍ സന്നദ്ധ സംഘടനയുടെ പേരില്‍ പിരിവിനെത്തിയ സ്ത്രീയുടെ പരാതിയ്ക്കു പുറമേ കടയുടമയുടെ പരാതിയിലും പോലീസ് കേസെടുക്കുകയായിരുന്നു.
പോലീസും കടയുടമയും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും കടയുടമ അപമര്യാദയായി പെരുമാറിയെന്നാണ് സ്ത്രീ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. അതേസമയം, ദുരിതാശ്വാസ നിധിയുടെ പേരിലും ചിലര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത്തരത്തിലുള്ളവര്ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അനധികൃത പിരിവിനെതിരെ വ്യാപാരികളും സംഘടിക്കുന്നുണ്ട്.