തിരുവനന്തപുരം: പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകൾ നന്നാക്കുന്നതിനു പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേടുവന്ന വീട്ടുപകരണങ്ങൾ നന്നാക്കുന്നതിന് കർമപദ്ധതി രൂപീകരിക്കുമെന്നും ദുരിതബാധിത മേഖലയിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കാൻ സാധ്യതകൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
വിവിധ ദുരിതാശ്വാസ ക്യാന്പുകൾ വിട്ടു തിരിച്ചുപോകുന്പോഴുള്ള അവസ്ഥയെക്കുറിച്ച് ആളുകൾക്ക് ആശങ്കയുണ്ട്. ഇത് ഗൗരവമായി സർക്കാർ കാണുന്നു. ഇതിന് സമയബന്ധിതമായി പരിഹാരം കാണും. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകൾ വാസയോഗ്യമാക്കുന്നതിന് ബാങ്കുകളുമായി സഹകരിച്ച് ആവശ്യമായ തുക ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കും. ഒരു ലക്ഷം രൂപ വരെ കുടുംബനാഥയ്ക്കു പലിശരഹിത വായ്പ ലഭിക്കും- മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസ ക്യാന്പുകൾ സ്കൂൾ, കോളജ് കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഓണാവധി കഴിയുന്നതതോടെ ഈ കെട്ടിടങ്ങൾ ഒഴിഞ്ഞു നൽകേണ്ടിവരും. ഇതോടെ വീട് സജ്ജമാകുന്നതുവരെ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരെ താമസിക്കുന്നതിന് ഹാളുകൾ, കല്യാണമണ്ഡപങ്ങൾ എന്നിവ ഉപയോഗപ്പെടുത്താനാണു സർക്കാർ തീരുമാനം. സ്ഥിരമായി പ്രകൃതി ദുരിതങ്ങൾ നേരിടുന്ന മേഖലകളിൽ വസിക്കന്നവരെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കും. ഇതിന് പൊതുവായ അഭിപ്രായം രൂപീകരിക്കും. കേടുവന്ന വീട്ടുപകരണങ്ങൾ നന്നാക്കുന്നതിന് കർമപദ്ധതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മരണപ്പെട്ട കന്നുകാലികളുടെ ശവശരീരം മറവു ചെയ്യുന്നതിനു സേനാവിഭാഗത്തിന്റെ സഹായം തേടിയെന്നും പ്രളയമേഖലകളിലെ വീടുകളുടെ സുരക്ഷാ പരിശോധന തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയറിംഗ് വിഭാഗം ആരംഭിച്ചുകഴിഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.