അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിൽ റോജി എം. ജോൺ എംഎൽഎയുടെ പേരിൽ പ്രളയബാധിതരെ സഹായിക്കാനെന്ന വ്യാജേന പിരിവുകാരും സഹായം നൽകാമെന്ന വാഗ്ദാനവുമായി അപേക്ഷ വാങ്ങി കബളിപ്പിക്കുന്ന സംഘവും സജീവമെന്ന് ആക്ഷേപം.
പാറക്കടവ് പഞ്ചായത്തിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതൽ നടന്നിട്ടുള്ളത്. തകർന്ന വീടുകൾ എംഎൽഎ ശരിയാക്കിത്തരും എന്ന് പറഞ്ഞാണ് അപേക്ഷകൾ എഴുതി വാങ്ങുന്നത്. എംഎൽഎയുടെ ദുരിതാശ്വാസ സഹായനിധി എന്നും പറഞ്ഞാണ് പണപ്പിരിവ് നടത്തുന്നത്.
സംഭവത്തിനു പിറകിൽ സിപിഎമ്മുകാരാണെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ പിരിവ് തകൃതിയായ് നടന്നെന്നും യാതൊരുവിധ പണപ്പിരിവും നടത്താതെ അങ്കമാലിയിൽ നടപ്പാക്കിയ “അതിജീവനം’ പരിപാടി വിജയിച്ചതിൽ വിളറി പൂണ്ടാണ് സിപിഎം ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്യുന്നതെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി തട്ടിപ്പുകാരെ പിടികൂടണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.