വി. മനോജ്
ഖത്തർ ലോകകപ്പിന് ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കേ നാടും നഗരവും ആവേശത്തിൽ മുങ്ങിക്കഴിഞ്ഞു. ഇഷ്ടടീമുകൾക്കു വേണ്ടി ആരാധകർ ബോർഡുകൾ, കൊടിതോരണങ്ങൾ, കട്ടൗട്ടുകൾ എന്നിവ സ്ഥാപിക്കുന്ന അവസാനഘട്ടത്തിലാണ്. അർജന്റീന, ബ്രസീൽ ആരാധകരാണ് പോർക്കളത്തിൽ മുന്നേറ്റം നടത്തുന്നത്.
മറ്റു ടീമുകളുടെ ആരാധകരും ഒപ്പമുണ്ട്. ഏങ്ങും കൊടിതോരണങ്ങൾ അലങ്കരിച്ച വഴികൾ…. പുഴകളിൽ, പാലത്തിന്റെ കൈവരികളിൽ, ബസ് വെയ്റ്റിംഗ് ഷെഡുകളിൽ, ഉയർന്നു നിൽക്കുന്ന മരക്കൊന്പുകളിൽ… ഇവിടങ്ങളിലെല്ലാം ബ്രസീൽ-അർജന്റീന-പോർച്ചുഗൽ ടീമുകളുടെ കൊടിതോരണങ്ങളും ബോർഡുകളും ഉയർന്നു നിൽക്കുകയാണ്.
ഇവയുടെ ഭംഗിയിൽ നിന്നു സെൽഫിയെടുത്തു സ്റ്റോറികളും റീലുകളുമായി സോഷ്യൽ മീഡിയയിൽ നിറയുന്നതും ട്രെൻഡായി. ബ്രസീൽ-അർജന്റീന ടീമുകളുടെ കടുത്ത ആരാധകർ തങ്ങളുടെ വീടുകൾക്കു പോലും ഈ രണ്ടു രാജ്യത്തിന്റെ നിറം തേച്ചു ലോകകപ്പിനു വരവേൽക്കുന്നു.
കട്ടൗട്ടുകളില്‍ ഉയരുന്നത് ആവേശം
കട്ടൗട്ടുകൾ ഉയരുക തന്നെയാണ്. രാത്രികാലങ്ങളിൽ ആരാധകർ ഭിത്തികളിൽ ഫ്ളക്സ് ബോർഡുകൾ ഉയർത്തുന്നു. ഏറ്റവും കൂടുതൽ ആരാധകർ അർജന്റീനയ്ക്കും ബ്രസീലിനുമാണ്.
ലയണൽ മെസിയുടെ അർജന്റീന ഇത്തവണ ലോകകപ്പു ഉയർത്തുമെന്നു ആരാധകർ ഉറപ്പിച്ചു പറയുന്നു. മറുവശത്തു നെയ്മറും സംഘവും ബ്രസീലിനു കിരീടം നേടികൊടുക്കുമെന്നു വ്യക്തമാക്കി കഴിഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനെ ചാന്പ്യൻമാരാക്കുമെന്നു അവരുടെ ആരാധകരും പ്രഖ്യാപിക്കുന്നു.ജർമനി, ഫ്രാൻസ് എന്നിവയുടെ ആരാധകരും വിട്ടുകൊടുക്കുന്നില്ല. അതുകൊണ്ടുതന്നെ ആവേശം മുറുകുകയാണ്.
കളിയുടെ ഭാഗമായി ആരാധകർ വാട്സ് ആപ്പ് ഗ്രൂപ്പുകളും ഉണ്ടാക്കിക്കഴിഞ്ഞു. കാൽപ്പന്തുകളിയുടെ നാടായ മലപ്പുറത്തിന്റെ ഫുട്ബോൾ ആവേശം കത്തിപ്പടരുകയാണ്.
ലോകകപ്പിന്റെ ആഹ്ലാദത്തിൽ പ്രവാസി വ്യവസായി വീടിന്റെ ചുമരുകളിലും മതിലിലും വാഹനത്തിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചതു ശ്രദ്ധേയമായി.
ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽസുവൈദ് ഗ്രൂപ്പിന്റെ ഉടമയായ മലപ്പുറം കോലൊളന്പ് സ്വദേശി ഡോ. വി.വി. ഹംസയുടെ വീട്ടിലാണ് ലോകകപ്പ് ആവേശം വാനോളം ഉയർന്നത്. ഇതിന്റെ ഭാഗമായി വിളംബരജാഥയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
വീടിന്റെ ചുമരുകളെല്ലാം വിവിധ കളിക്കാരുടെ ചിത്രങ്ങളാൽ നിറഞ്ഞു. ഘോഷയാത്ര കെ.ടി ജലീൽ എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്.
വരവേറ്റ് പ്രവചന മല്‍സരങ്ങളും ഷൂട്ടൗട്ടും
ലോകകപ്പിനെ വരവേറ്റു മലപ്പുറം ജില്ലാ പഞ്ചായത്തും ഒരുങ്ങികഴിഞ്ഞു. ‘കളി ഖത്തറിൽ ആരവം മലപ്പുറത്ത്’ എന്ന പേരിൽ ഷൂട്ടൗട്ടും പ്രവചന മത്സരങ്ങളും നടത്തുന്നു.
ലോകം മുഴുവൻ കാൽപ്പന്തിനെ നെഞ്ചിലേറ്റുന്പോൾ ഖത്തർ ലോകകപ്പിനെ ഖൽബിലേറ്റുകയാണ് മലപ്പുറത്തെ പെണ്‍കുട്ടികൾ. മലപ്പുറം രാജാജി അക്കാഡമിയിലെ കന്പ്യൂട്ടർ, പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിലെ വിദ്യാർഥികളായ ശ്രീലക്ഷ്മി പോർച്ചുഗലിന്റെയും ജിഷിതയും ഷാലിനിയും വിനീതയും ബ്രസീലിന്റെയും ഹനീന, പി. നീതു, ജിൻസി അർജന്റീനയുടെയും ഷഹ്ലയും രേഷ്മയും ഫ്രാൻസിന്റെയും പ്രിൻസിയും നിഷയും ഇംഗ്ലണ്ടിന്റെയും ജഴ്സിയണിഞ്ഞു .
മെസിയും റൊണാൾഡോയും നെയ്മറും എംബാപെയും ഹാരി കെയിനുമായി ഈ വിദ്യാർഥി കൂട്ടം ഫുട്ബോൾ ആവേശം ഉയർത്തുന്നു. ഖത്തറോളം ആവേശം എന്ന പരിപാടി അറോറ വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ഇതിനിടെ കൂട്ടമായി കളി കാണാനുള്ള സംവിധാനങ്ങളാണ് ഒട്ടുമിക്കയിടത്തും ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
ശേഷം ബിഗ് സ്ക്രീനില്‍
താത്കാലിക ഹാളുകൾ സജ്ജീകരിച്ചും ക്ലബുകളിലും മൈതാനങ്ങളിലും ബിഗ് സ്ക്രീനിൽ മത്സരം കാണാൻവിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
മലപ്പുറം പോലീസ് മൈതാനം, പെരിന്തൽമണ്ണ തുടങ്ങിയ വിവിധ ഭാഗങ്ങളിൽ ബിഗ് സ്ക്രീൻ സ്ഥാപിക്കൽ നടന്നുവരികയാണ്. മലപ്പുറത്തെ സംബന്ധിച്ചു ജനങ്ങളെല്ലാം ഫുട്ബോൾ ജ്വരത്തിലാണ്.
യുവാക്കളെല്ലാം കളിയെക്കുറിച്ചു ചർച്ച ചെയ്യുന്നു. ഖത്തർ ലോകകപ്പ് നേരിട്ടു കാണാനുള്ള അവസരമാണ് ഇക്കുറി പലർക്കും കൈവന്നിരിക്കുന്നത്. മലയാളികളായ കാണികളുടെ ബാഹുല്യമാണ് ഖത്തറിൽ കാണാനാവുക.
അതേസമയം മത്സരങ്ങൾ കാണാൻ ഏറെ നേരം ഉറക്കമൊഴിച്ചു കാത്തിരിക്കേണ്ടതില്ല ഇക്കുറി. അനുയോജ്യമായ സമയത്താണ് മത്സരങ്ങൾ നടക്കുന്നത്. ഉദ്ഘാടന മത്സരം നടക്കുന്നത് അൽബൈത്ത് സ്റ്റേഡിയത്തിലാണ്.
20ന് ഇന്ത്യൻ സമയം രാത്രി 9.30ന് ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടുന്നതോടെ മത്സരം ആരംഭിക്കും. അതോടെ ഒരു മാസക്കാലം ആരാധകരുടെ മനസും ഹൃദയവും പന്തിനു പിന്നാലെയായിരിക്കും.