ജോണ്സണ് വേങ്ങത്തടം
മൂവാറ്റുപുഴ: വന്യജീവികളെ തടഞ്ഞു കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കാത്ത വനംവകുപ്പ് വനത്തിനുള്ളിൽ ലക്ഷങ്ങളുടെ കെട്ടിടനിർമാണം നടത്തി പണം ധൂർത്തടിക്കുന്നു. മലയാറ്റൂർ, കോതമംഗലം, ഡിവിഷനുകളിൽനിന്നു ജനസംരക്ഷണ സമിതിക്കുലഭിച്ച വിവരാവകാശ മറുപടിയിലാണ് വനംവകുപ്പിന്റെ ധൂർത്തിന്റെ ചിത്രം വ്യക്തമാകുന്നത്.
വന്യജീവി ആക്രമണം നിരന്തരമുള്ള സ്ഥലങ്ങളിൽ പോലും ഫെൻസിംഗ് സ്ഥാപിക്കാനും സ്ഥാപിച്ച ഫെൻസിംഗുകൾക്കു സംരക്ഷണം നൽകാൻ ഗാർഡുകളെ നിയമിക്കാനും ഫണ്ടില്ലെന്നു പറയുന്പോഴാണു വനംവകുപ്പ് നിർമാണ പ്രവൃത്തികൾ പൊടിപൊടിക്കുന്നത്. മലയാറ്റൂർ ഡിവിഷനിൽ വനത്തിനുള്ളിലെ കെട്ടിട നിർമാണപ്രവൃത്തികൾക്കായി 73,11,325 രൂപയും മറ്റു നിർമാണങ്ങൾക്കായി 95,35,902 രൂപയും ചെലവഴിച്ചപ്പോൾ കോതമംഗലം ഡിവിഷനു കീഴിൽ 42,88,249 രൂപയുടെ നിർമാണമാണു നടന്നത്.
ബ്ലാവന പാലത്തിന് അനുമതി കൊടുക്കാതെ തടസംനിൽക്കുന്ന വനം വകുപ്പ് ബ്ലാവന കടവിനു സമീപം ലക്ഷങ്ങൾ മുടക്കി ക്യാന്പ് ഷെഡ് നിർമിച്ചു. 70,000 രൂപയോളം മുടക്കി ചുറ്റും സോളാർ ഫെൻസിനും നടത്തി. ക്യാന്പ് ഷെഡ് എന്നും വാച്ച് ടവർ എന്നും പേരിലറിയപ്പെടുന്ന വനത്തിനുള്ളിലെ സൗധങ്ങൾ ഉന്നത ഉദ്യോഗസ്ഥന്മാരുടെ സുഖവാസകേന്ദ്രങ്ങളായി മാറുന്നു.
വന്യജീവി ആക്രമണം ഉണ്ടാകുന്പോൾ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നു നടപടിക്രമങ്ങൾ പ്രഖ്യാപിക്കുമെങ്കിലും ഒന്നും ഇതുവരെ പ്രാവർത്തികമായിട്ടില്ല. ആക്രമണം നിരന്തരമുള്ള സ്ഥലങ്ങളിൽ പോലും ഫെൻസിംഗ് നിർമിക്കാൻ വനംവകുപ്പ് തയാറായിട്ടില്ല. ജനപ്രതിനിധികളുടെ ഫണ്ടാണ് ഇതിനായി ഉപയോഗിക്കുന്നത്.
അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനെക്കുറിച്ചു പരാതി പറയുന്പോൾ ഫണ്ടില്ല എന്ന കാരണമാണു വനം വകുപ്പ് പറയുന്നതെന്നു ജനസംരക്ഷണ സമിതി ആരോപിക്കുന്നു. 2010നു ശേഷം ദേവികുളം റേഞ്ചിനു കീഴിൽ 28 പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ വർഷം മാത്രം അഞ്ചു പേർക്കാണ് ആനക്കലിയിൽ ജീവൻ നഷ്ടപ്പെട്ടത്.
മലയാറ്റൂർ ഡിവിഷനു കീഴിൽ കഴിഞ്ഞ സാന്പത്തിക വർഷം ആറുവന്യജീവി ആക്രമണ മരണങ്ങൾ ഉണ്ടായി. 33 പേർക്കു പരിക്കേറ്റു. മലയാറ്റൂർ ഡിവിഷനിൽ വന്യജീവികളുടെ ആക്രമണത്തിൽ പരിക്കു പറ്റുകയോ മരിക്കുകയോ ചെയ്തവർക്കായി 26,18,651 രൂപ വിതരണം ചെയ്തു.