ഇന്നലെ രാജ്ഭവനില് ജോലിക്കു ഹാജരാകാതിരുന്ന ജീവനക്കാരുടെ വിവരങ്ങള് തേടി ഗവര്ണര്. ഡല്ഹിയില്നിന്നു രാജ്ഭവന് സെക്രട്ടറിയെ വിളിച്ചാണു ഇവരുടെ വിശദാംശങ്ങള് തേടാന് നിര്ദേശം നല്കിയത്.
ഹാജരാകാത്ത ജീവനക്കാരുടെ വിശദാംശങ്ങള്, ജോലിക്ക് എത്താന് കഴിയാതിരുന്നതിന്റെ കാരണങ്ങള്, രാജ്ഭവന് മാര്ച്ച് നടത്തിയവര് ജോലിക്കെത്തുന്നതിനു തടസം ചെയ്തോ തുടങ്ങിയ കാര്യങ്ങള് പരിശോധിച്ചു റിപ്പോര്ട്ട് നല്കാനാണു ഗവര്ണറുടെ നിര്ദേശം.
പൊതുനിരത്തില് പ്രകടനവും പൊതുയോഗവും നടത്തുന്നതു തടഞ്ഞുള്ള ഹൈക്കോടതി വിധിയുടെ പകര്പ്പ് ആവശ്യപ്പെട്ടു കഴിഞ്ഞദിവസം ഗവര്ണര് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കു കത്തയച്ചിരുന്നു.
ജോലിക്കു ഹാജരാകാന് തടസപ്പെടുത്തിയെങ്കില് അതും ഉള്പ്പെടുത്തി കോടതിയലക്ഷ്യ ഹര്ജി നല്കാനാണു ഗവര്ണറുടെ അടുത്ത നീക്കമെന്നാണു സൂചന.
ഉന്നത വിദ്യാഭ്യാസ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന് മാര്ച്ചിനു തടസമില്ലെന്നു ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
രാജ്ഭവന് മാര്ച്ചില് സര്ക്കാര് ജീവനക്കാര് പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്നു ഹര്ജി നല്കിയ ബി.ജെ.പി. അധ്യക്ഷന് കെ. സുരേന്ദ്രനോടു കോടതി ചോദിച്ചിരുന്നു.
പ്രതിഷേധമാര്ച്ചില് സര്ക്കാര് ജീവനക്കാരെ പങ്കെടുപ്പിക്കുന്നതു തടയണമെന്നായിരുന്നു സുരേന്ദ്രന്റെ ഹര്ജി.