കൊല്ലം: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സിയാച്ചിനില്‍ മഞ്ഞിടിഞ്ഞു വീണ് വീരചരമം പ്രാപിച്ച മലയാളി ജവാന് സുധീഷിന്റെ കുടുംബത്തോട് അവഗണന കാട്ടി സംസ്ഥാന സര്‍ക്കാര്‍. സുധീഷിന്റെ ഭാര്യ ശാലുമോള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി കിട്ടാന്‍ ഇനി മുട്ടാന്‍ വാതിലുകളൊന്നും ബാക്കിയില്ലെന്നാണ് സുധീഷിന്റെ കുടുംബം പറയുന്നത്.സുധീഷ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഭാര്യക്ക് ജോലി നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ ആവശ്യമുന്നയിച്ചു കൊണ്ട് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ സമീപിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല.
ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍ ലീവ് കഴിഞ്ഞ മടങ്ങിയ സുധീഷിന് സ്വന്തം മകളെ നേരില്‍ കാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. സിയാച്ചിന്‍ മേഖലയില്‍ ജോലി ചെയ്തിരുന്നതിനാല്‍ കുഞ്ഞിന്റെ നൂല്കെട്ടിന് പോലും ലീവ് ലഭിച്ചിരുന്നില്ല. ദുരന്തം മഞ്ഞ് വീഴ്ചയായ് സുധീഷിന്റെ മേല്‍ പതിച്ചപ്പോള്‍ മകള്‍ക്ക് മുന്നില്‍ ആദ്യമായ് എത്തിയത് ചേതനയില്ലാത്ത അച്ഛന്റെ ശരീരമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കുടുബത്തിനുള്ള സാമ്പത്തിക സഹായമായ 25 ലക്ഷം രൂപ സുധീഷിന്റെ വിധവയ്ക്ക് കൈമാറിയിരുന്നു.
2016 ഫെബ്രുവരി 10നാണ് സിയാച്ചിന്‍ മേഖലയില്‍ 10 സൈനികര്‍ മഞ്ഞ് വീഴ്ചയില്‍ കൊല്ലപ്പെട്ടത്. നാല് കര്‍ണ്ണാടക സ്വദേശികളും, മൂന്ന് തമിഴ്നാട് സ്വദേശിയും ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരുമാണ് സുധീഷിന് പുറമേ കൊല്ലപ്പെട്ടത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് കുടുംബത്തിന് ധന സഹായവും ജവാന്റെ വിധവയ്ക്ക് ജോലിയും പ്രഖ്യാപിച്ചത്. സുധീഷിന്റെ ശവസംസ്കാരത്തിനായി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പോലും മുന്‍പാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഭരണം മാറി വന്നതോടെ അതിന്റെ കാലതാമസമായിരിക്കുമെന്നായിരുന്നു കുടുംബം ആദ്യം കരുതിയത്.
വാഗ്ദാനം ചെയ്ത ജോലി ആവശ്യവുമായി ബന്ധപ്പെട്ട് സ്ഥലം എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെ നേരില്‍ കണ്ട് കാര്യം അവതരിപ്പിച്ചെങ്കിലും അന്തിമ തീരുമാനം വന്നില്ല. പിന്നീട് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സുധീഷിന്റെ ഒന്നാം ചരമ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാനായി മന്ത്രി ജെ. മേഴ്സികുട്ടിയമ്മ എത്തിയപ്പോഴും പരാതി ബോധിപ്പിച്ചു. കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള പെന്ഷന് കുടുംബത്തിന് ലഭിക്കുന്നുണ്ട്.
പിന്നീട് സ്ഥലം എംഎല്‍എക്കും മന്ത്രി മേഴ്സികുട്ടിയമ്മയ്ക്കുമൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് കാര്യം അവതരിപ്പിക്കുകയും ചെയ്തു. എത്രയും വേഗം പരിഹാരം എന്നാണ് ഉറപ്പ് നല്‍കിയതെങ്കിലും തീരുമാനം ഇനിയും കൈക്കൊണ്ടിട്ടില്ല. 22ാം വയസ്സില്‍ ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞുമായി കഴിയുന്ന ജവാന്റെ വിധവയുടെ ജീവിതം വീട്ടുകാരുടെ ചങ്കു പിളര്ക്കുകയാണ്. വീട്ടില്‍ അധികം ആരോടും സംസാരിക്കാതെയും ഭര്‍ത്താവ് നഷ്ടമായെന്ന യാഥാര്‍ഥ്യം ഇനിയും ഉള്ക്കൊള്ളാനാകാതെയുമാണ് ശാലുമോള് ജീവിതം തള്ളിനീക്കുന്നത്. ബികോം ബിരുദധാരിയായ ശാലുവിന് ഒരു ജോലി ലഭിക്കുകയും മറ്റുള്ളവരോട് ഇഴപഴകി ജീവിക്കുകയും ചെയ്യുന്നത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷയും
തന്റെ അച്ഛനെന്തു സംഭവിച്ചുവെന്നു പോലും മനസിലാകാത്ത ആ കുഞ്ഞിന്റെ ചിരിയും കളിയും കണ്ട് അന്നത്തെ ജില്ലാ കളക്ടര്‍ എ. ഷൈനമോളുടെ ഉള്‍പ്പെടെ കണ്ണുനിറഞ്ഞിരുന്നു. 21-ാം വയസ്സില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടപ്പെട്ട ശാലുമോള് നയിക്കുന്ന ഏകാന്ത ജീവിതം തങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണെന്നാണ് സുധീഷിന്റെ വീട്ടുകാര്‍ പറയുന്നത്. കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍
നൗഷാദിന്റെ ഭാര്യക്കും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു.ഭരണ മാറ്റത്തെതുടര്ന്ന് കുറച്ച് കാലം ചുവപ്പ് നാടയില്‍ കുടുങ്ങി കിടന്ന ആ ഫയലിന് പിണറായി വിജയന് സര്‍ക്കാര്‍ തീര്‍പ്പ് കല്‍പ്പിക്കുകയും കോഴിക്കോട് കളക്ടറേറ്റില്‍ നൗഷാദിന്റെ ഭാര്യക്ക് ജോലി നല്‍കുകയും ചെയ്തിരുന്നു. സമാനമായ രീതിയില്‍ ശാലുമോള്‍ക്കും ജോലി ലഭിക്കുമെന്ന വിശ്വാസത്തിലാണ് സുധീഷിന്റെ കുടുംബം.