സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ് നീണ്ടുപോകുന്നതില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സിന് അന്ത്യശാസനവുമായി പിണറായി സര്‍ക്കാര്‍. പദ്ധതി വൈകാന്‍ കാരണം റിലയന്‍സാണെന്ന് ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. നിലവാരമില്ലാത്ത ആശുപത്രികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നും ധനമന്ത്രി തുറന്നു സമ്മതിച്ചു. ഒരാഴ്ചയ്ക്കകം പോരായ്മകള്‍ പരിഹരിക്കണമെന്ന് റിലയന്‍സിന് അന്ത്യശാസനം നല്‍കി. വീണ്ടും ടെന്‍ഡര്‍ വിളിച്ചാല്‍ പ്രീമിയം തുകവര്‍ധിപ്പിക്കേണ്ടി വരുമെന്നും ധനമന്ത്രി മുന്നറിയിപ്പ് നല്‍കി
മെഡിസെപ് നടപ്പാക്കുന്നതിന് റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സിന് നല്‍കിയ കരാര്‍ റദ്ദാക്കാന്‍ നീക്കമെന്ന വാര്‍ത്ത മുമ്പ് പുറത്തു വന്നിരുന്നു. നിലവാരമുള്ള ആശുപത്രികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകാത്തതാണ് കാരണം. നല്ല ആശുപത്രികളെ ഉള്‍പ്പെടുത്തുന്നതില്‍ റിലയന്‍സ് പരാജയപ്പെട്ടെന്ന് ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആശുപത്രികള്‍ക്ക് നിലവാരമില്ലെന്ന് സര്‍ക്കാര്‍ ആദ്യമായാണ് സമ്മതിക്കുന്നത്.
ഇത് തിരുത്തിയശേഷം മാത്രമേ കരാര്‍ ഒപ്പിട്ട് റിലയന്‍സിന് പണം കൊടുക്കൂ. ഒരാഴ്ച സമയമാണ് റിലയന്‍സിന് നല്‍കിയിരിക്കുന്നത്. റിലയന്‍സിന് ടെന്‍ഡര്‍ നല്‍കിയതില്‍ നേരത്തെ തന്നെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയാണ് റിലയന്‍സെന്ന് ധനമന്ത്രി ന്യായീകരിക്കുന്നു. വീണ്ടും ടെന്‍ഡര്‍ വിളിച്ചാല്‍ പ്രീമിയം തുകവര്‍ധിപ്പിക്കേണ്ടി വരുമെന്നും ധനമന്ത്രി മുന്നറിയിപ്പ് നല്‍കി. ജീവനക്കാരുമായി ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമതീരുമാനം. പൊട്ടിപ്പൊളിഞ്ഞു നില്‍ക്കുന്ന അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് ടെന്‍ഡര്‍ നല്‍കിയത് മുമ്പേതന്നെ വിവാദമായിരുന്നു. പുതിയ വിവരങ്ങള്‍ പുറത്തു വന്നതോടെ വിവാദങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്നുറപ്പ്.