കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാസികയായ വിജ്ഞാന കൈരളിയില്‍ ക്രൈസ്തവസഭ പരിപാവനമായി കരുതുന്ന കുമ്പസാരമെന്ന കൂദാശയെ വികലമായും അപഹാസ്യമായും ചിത്രീകരിച്ചുകൊണ്ട് മുഖപ്രസംഗം എഴുതിയ വിജ്ഞാന കൈരളി ചീഫ് എഡിറ്റര്‍ പ്രഫ. വി. കാര്ത്തികേയന് നായര്‍ ഖേദം പ്രകടിപ്പിച്ചു.
മതമൂല്യങ്ങളെ നിരാകരിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്നത് മാസികയുടെ നയമല്ലെന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. മുഖപ്രസംഗം ക്രൈസ്തവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ക്രൈസ്തവ പുരോഹിതന്മാര് പരാതിപ്പെട്ടിരുന്നു. ബോധപൂര്‍വം അങ്ങനെ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. മുഖപ്രസംഗം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും ലേഖനത്തിലെ പരാമര്‍ശഭാഗം റദ്ദാക്കിയതായും പത്രക്കുറിപ്പില്‍ പറയുന്നു.
വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന മാസികയായ വിജ്ഞാനകൈരളിയില് കുമ്പസാരത്തെക്കുറിച്ചു തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ വന്നതില്‍ വ്യാപകമായ പ്രതിഷേധമാണുണ്ടായത്. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകൈരളി മാസികയുടെ രണ്ടു ലക്കങ്ങളിലാണു കുമ്പസാരത്തെ അവഹേളിക്കുന്ന പരാമര്‍ശങ്ങളുള്ളത്. നാഷണല്‍ സര്‍വീസ് സ്കീം (എന്‍എസ്എസ്) വോളന്റിയര്‍മാരിലൂടെ സംസ്ഥാനത്തെ സ്കൂളുകളില്‍ വിതരണം ചെയ്യുന്ന മാസികയാണിത്.
ലജ്ജിക്കണം എന്ന തലക്കെട്ടോടെ ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍. പിന്നീട്, പൗരോഹിത്യവും സ്ത്രീസ്വാതന്ത്ര്യവും എന്ന തലക്കെട്ടില്‍ ഒക്ടോബര്‍ ലക്കത്തിലെഴുതിയ, മുഖപ്രസംഗത്തിലും വിജ്ഞാനകൈരളി മാസിക വിശ്വാസത്തിനും സമര്പ്പിതജീവിതത്തിനുമെതിരേ നിലപാടെടുത്തിരുന്നു.
വിശ്വാസ വിരുദ്ധ നിലപാടുമായി പുറത്തിറങ്ങിയ സര്‍ക്കാര്‍ പ്രസിദ്ധീകരണത്തിനെതിരേ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം തുടങ്ങിയവരും കത്തോലിക്ക കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സംഘടനകളും പ്രതിഷേധിച്ചിരുന്നു. കേരള കത്തോലിക്കാ മെത്രാന് സമിതി മുഖ്യമന്ത്രിക്കു പരാതിയും നല്‍കിയിരുന്നു.