വിശക്കുന്നവരോട് മുണ്ടു മുറുക്കി ഉടുക്കാന് പറഞ്ഞിട്ട് ഖജനാവ് കാലിയാക്കുന്ന ‘കേസുകെട്ടുകളുമായി’ ഇടതുപക്ഷ സര്ക്കാര് മുന്നോട്ട്.
പലപല കേസുകളില് ഖജനാവില് നിന്ന് ലക്ഷങ്ങളാണ് ചോര്ന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. സ്വര്ണക്കടത്താണ് ഇപ്പോഴത്തെ ചോര്ച്ചയുടെ ആധാരം.
സാമ്പത്തിക പ്രതിസന്ധിയൊന്നും ഇതിനൊരു വിഷയമേയല്ല. സ്വര്ണക്കടത്തു കേസില് സംസ്ഥാന സര്ക്കാരിന് വേണ്ടി ഹാജരാകുന്ന സീനിയര് അഭിഭാഷകനും മുന് കോണ്ഗ്രസ് നേതാവുമായ കപില് സിബലിന് ഫീസായി നല്കുന്നത് 15.5 ലക്ഷം രൂപയാണ്.
ഒറ്റത്തവണ ഹാജരാകുന്നതിനുള്ള ഫീസാണിത്. കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്കിയ ട്രാന്സ്ഫര് ഹര്ജിയില് കപില് സിബലിന് നല്കുന്ന ഫീസാണിത്.
ഇഡിയുടെ ഹര്ജി പരിഗണിച്ച ഒക്ടോബര് പത്തിന് സുപ്രീംകോടതിയില് ഹാജരായ സിബലിന് 15.5 ലക്ഷം രൂപ കൈമാറാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി വി.ഹരി നായര് പുറത്തിറക്കി.
1978 ലെ കെജിഎല്ഒ ചട്ടത്തിലെ 42 (1) വകുപ്പ് പ്രകാരമാണ് ഫീസ് നല്കാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി പുറത്തിറക്കിയത്. ഈ തുക സിബലിന് കൈമാറാനുള്ള തുടര് നടപടികള് സ്വീകരിക്കാന് അഡ്വക്കേറ്റ് ജനറലിനോട് ഉത്തരവില് നിര്ദ്ദേശിച്ചു.
നവംബര് മൂന്നിനാണ് ഇഡിയുടെ ഹര്ജി സുപ്രീംകോടതി ഇനി പരിഗണിക്കുന്നത്. അന്നും സംസ്ഥാന സര്ക്കാരിന് വേണ്ടി സുപ്രീംകോടതിയില് ഹാജരാകുന്നത് സീനിയര് അഭിഭാഷകനായ കപില് സിബലാണ്.
ഹര്ജി പരിഗണിച്ചതിന് പിന്നാലെ ഒക്ടോബര് പത്തിന് സംസ്ഥാന സര്ക്കാരിന് വേണ്ടി കപില് സിബല് സുപ്രീം കോടതിയില് ഹാജരായിരുന്നു.
കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് സ്വര്ണക്കടത്ത് കേസിന്റെ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ ഡി കൊച്ചി സോണ് അസിസ്റ്റന്റ് ഡയറക്ടറാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കേരളത്തില് കേസിന്റെ വിചാരണ നടന്നാല് സാക്ഷികളെ സ്വാധീനിച്ച് അട്ടിമറിയുണ്ടാകുമെന്നാണ് ഇഡിയുടെ വാദം.
സ്വപ്ന സുരേഷ്, സന്ദീപ് നായര്, ശിവശങ്കര്, സരിത്ത് എന്നിവരാണ് കേസിലെ പ്രതികള്. അതേസമയം, കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡി ഹര്ജിക്കെതിരെ എം ശിവശങ്കര് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
വിധി പറയും മുന്പ് തനിക്ക് പറയാനുള്ളത് കൂടി കേള്ക്കണമെന്നായിരുന്നു ശിവശങ്കര് ഹര്ജിയില് ആവശ്യപ്പെട്ടത്.
എറണാകുളം ജില്ലാ സെഷന്സ് കോടതിയുടെ പരിഗണനയിലുള്ള സെഷന്സ് കേസ് 610/2020 കേരളത്തിന് പുറത്തേക്കുള്ള കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്.
ഈ കേസില് നാല് പ്രതികളാണ് ഉള്ളത്. പി എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്, എം ശിവശങ്കര് എന്നിങ്ങനെയാണ്.
എന്തായാലും ഇടതുപക്ഷ സര്ക്കാരിന്റെ മുണ്ടുമുറുക്കിയുടുക്കല് മൂലം കോളടിച്ചത് വക്കീലന്മാര്ക്കാണെന്ന് പറയാം. എന്തായാലും കപില് സിബലിനെയും ഹരീഷ് സാല്വെയെയും പോലുള്ള അതികായന്മാര് കളത്തിലിറങ്ങുമ്പോള് കീശ ഇനിയും ചോരുമെന്ന് തീര്ച്ച.