എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല… എന്നു പറഞ്ഞതു പോലെയാണ് കേരള സര്‍ക്കാര്‍. സിപിഎം അനുകൂലികളായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് ഇന്ന് മന്ത്രിസഭയ്ക്കു മുമ്പിലെത്തുന്നത്.
ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരടക്കം 83 പേരെയാണ് സ്ഥിരപ്പെടുത്തുക. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും കൂടുതല്‍ പിന്‍വാതില്‍ നിയമനങ്ങളുമായി സജീവമാണ് സര്‍ക്കാര്‍. സാക്ഷരതാ മിഷനില്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ കരാര്‍ ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്.
2016ലെ സര്‍ക്കാര്‍ ഉത്തരവും, സുപ്രീംകോടതി നിര്‍ദ്ദേശങ്ങളും എല്ലാം മറികടന്നാണ് സിപിഎം അനുഭാവികളായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം.
14 ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍, 36 അസി. ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍, ഓഫീസ് അസിസ്റ്റന്റുമാരും, ക്ലര്‍ക്കുമാരും ഉള്‍പ്പെടെ 25 പേര്, അഞ്ച് പ്യൂണ്‍ തസ്തികയിലെ ജീവനക്കാര്‍, രണ്ട് ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് തസ്തികകളുടെ ലിസ്റ്റ്.
ഇതില്‍ പലതും അനധികൃത തസ്തികകളാണെന്നതാണ് വാസ്തവം. ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ സാക്ഷരതാ മിഷന്റെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.
ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍ക്കും, അസിസ്റ്റന്റ് ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്കും ചട്ടവിരുദ്ധമായി ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തുല്യമായ നിലയില്‍ വേതനം വര്‍ധിപ്പിച്ചു നല്‍കിയത് വാര്‍ത്തയായിരുന്നു.
മറ്റ് സര്‍ക്കാര്‍ വകുപ്പില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരെ നോക്കുകുത്തികളാക്കിയാണ് സാക്ഷരതാ മിഷനിലെ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് ധനവകുപ്പ് അനര്‍ഹമായ ശമ്പള വര്‍ധനവ് നടപ്പാക്കിയത്.
ധനവകുപ്പിന്റെ നടപടിക്കെതിരായ വിജിലന്‍സ് അന്വേഷണം തുടരുന്നതിനിടെയാണ് ഫയല്‍ മന്ത്രിസഭയുടെ മുന്നിലെത്തുന്നത്. 2016 മുതല്‍ അനധികൃത നിയമനങ്ങളിലൂടെ ഒമ്പതു കോടി രൂപയാണ് നഷ്ടമായത്.
താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള ശിപാര്‍ശ മുന്‍ സര്‍ക്കാരിന്റെ കാലത്തു തന്നെ ഉണ്ടായിരുന്നതാണെന്നാണ് സാക്ഷരതാ മിഷന് ഡയറക്ടറുടെ വിശദീകരണം.
ഇതിനു പുറമെ സ്കോള്‍ കേരള പദ്ധതിയിലെ താത്കാരിക ജീവനക്കാരെയും സ്ഥിര നിയമം നടത്തിക്കാന്‍ കളം ഒരുങ്ങുന്നുണ്ട്.
സ്കോള്‍ കേരളയില്‍ (സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ് ലോങ് എജ്യുക്കേഷന്‍ കേരള) ഡിവൈഎഫ്ഐ നേതാവിന്റെ ബന്ധുവും എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെ 52 പേരെ സ്ഥിരപ്പെടുത്താനുള്ള ശിപാര്ശയാണുള്ളത്.
പട്ടികയിലെ മൂന്നിലൊന്നു പേരും സിപിഎം ഭാരവാഹികളുടെ ബന്ധുക്കളാണ്. 78 തസ്തികകളില്‍ സ്ഥിരനിയമനം നടത്തണമെന്നാണു വകുപ്പു മേധാവി ശുപാര്‍ശ ചെയ്തതെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച 26 പേരെ ഒഴിവാക്കിയാണു പട്ടിക തയാറാക്കിയത്. ഒഴിവാക്കപ്പെട്ടവര്‍ക്കു 15 വര്‍ഷത്തിലേറെ സര്‍വീസുമുണ്ട്.
എന്നാല്‍ പുതിയ പട്ടികയിലുള്ള പലര്‍ക്കും പത്തു വര്‍ഷം പോലും സര്‍വീസില്ലെന്നും ആക്ഷേപമുണ്ട്. സാക്ഷരതാ മിഷനിലെ 82 തസ്തികകളില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനുള്ള നിര്‍ദേശമാണു പരിഗണനയില്‍.
10 വര്‍ഷം പൂര്ത്തിയാക്കിയവരെയാണു സ്ഥിരപ്പെടുത്തുന്നതെന്നു പറയുന്നുണ്ടെങ്കിലും സാക്ഷരതാ പ്രവര്‍ത്തനം നടത്തുന്ന പ്രേരക്മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.