തിരുവനന്തപുരം: വേനല്‍ മഴയുടെ ദൗര്‍ലഭ്യം മൂലം വലയുന്ന ഏഴു ജില്ലകളില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ കൃത്രിമമഴയ്ക്കായി ക്ലൗഡ് സീഡിങ് (മേഘക്കൃഷി) നടത്താനാണു കാലാവസ്ഥാകേന്ദ്രം, ജലവിഭവവകുപ്പ്, ഭൂജലവകുപ്പ്, ദുരന്തനിവാരണ അതോറിട്ടി, ഐ.എസ്.ആര്.ഒ, സെസ് എന്നിവയുടെ സംയുക്തനീക്കം.
കൃഷിവകുപ്പിന്റെ റിപ്പോര്‍ട്ടും ലഭിച്ചശേഷമാകും അന്തിമതീരുമാനം. ഈ വേനലില്‍, മൂന്നുമാസത്തിനിടെ 1300 ഏക്കര്‍ നെല്‍ക്കൃഷി നശിച്ചു. ജലസംഭരണികളില്‍ നിരപ്പു താണു.
ഭൂജലവിതാനത്തിലും കുറവുണ്ടായി. രാത്രി അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചു. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആഗിരണം ചെയ്യുന്ന സൂര്യതാപം രാത്രി പുറന്തള്ളുന്നതിന്റെ ഫലമായാണിതെന്നാണു വിലയിരുത്തല്‍. ചൂട് 40 ഡിഗ്രി കടന്നാല്‍ സൂര്യാതപമേറ്റുള്ള അപകടങ്ങള്‍ വര്‍ധിക്കുമെന്നാണു ഭൗമശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇതു മുന്നില്‍ക്കണ്ടാണു ക്ലൗഡ് സീഡിങ്ങിലൂടെ മഴ പെയ്യിക്കാനൊരുങ്ങുന്നത്.
ഈ ജില്ലകളില്‍ വേനല്‍മഴ ശക്തമായാല്‍ പദ്ധതി ഉപേക്ഷിക്കും. കഴിഞ്ഞവര്‍ഷത്തെ വരള്‍ച്ചയിലും കൃത്രിമമഴയെക്കുറിച്ചു സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും നടപ്പായില്ല. ക്ലൗഡ് സീഡിങ്ങിലൂടെ മഴലഭ്യത 5-25% വര്‍ധിപ്പിക്കാമെന്നാണു പ്രതീക്ഷ. എന്നാല്‍, ഈ രീതി ഒരിടത്തും പൂര്‍ണവിജയമായിട്ടില്ല എന്നതാണ് ഒരു പ്രതിബന്ധം.
യു.എസ്. ശാസ്ത്രജ്ഞന് വിന്‍സെന്റ് ഷെയ്ഫറാണ് 1946-ല്‍ ആദ്യമായി കൃത്രിമ മഴ സാങ്കേതികവിദ്യ ആവിഷ്കരിച്ചത്. സില്‍വര്‍ അയെഡെഡ് എന്ന രാവസ്തു വിതറി മേഘങ്ങളെ തണുപ്പിച്ച് മഴ പെയ്യിക്കുന്ന രീതിയാണു ക്ലൗഡ് സീഡിങ്. ഇതിനായി പൊട്ടാസ്യം അയെഡെഡ്, അമോണിയം െനെട്രേറ്റ്, കാല്‍സ്യം ക്ലോെറെഡ് തുടങ്ങിയ രാസവസ്തുക്കള്‍ വിമാനത്തില്‍ മേഘക്കൂട്ടത്തിലെത്തിക്കുന്നു.
മഴക്കാറാകാന്‍ സാധ്യതയുള്ളവയെ റഡാറിന്റെ സഹായത്തോടെ കണ്ടെത്തുന്നു. അരക്കിലോമീറ്റര്‍ മുതല്‍ 12 കി.മീ. വരെ ഉയരത്തിലുള്ള മേഘങ്ങളില്‍ രാസവസ്തു വിതറി, നീരാവി ഘനീഭവിപ്പിച്ചാണു കൃത്രിമ മഴ പെയ്യിക്കുന്നത്. ജലക്ഷാമം കുറയ്ക്കുമെങ്കിലും കൃത്രിമ മഴയ്ക്ക് ചില ദോഷവശങ്ങളും ഉണ്ടെന്നതാണ് യാഥാര്‍ഥ്യം.