പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഏറ്റവും കൂടുതല്‍ കോളടിച്ചത് പ്രമുഖ അഭിഭാഷകര്ക്കാണെന്ന് നിസ്സംശയം പറയാം.
കേസു കെട്ടുകള്‍ക്ക് കുറവില്ലാത്തതിനാല്‍ ഹരീഷ് സാല്‍വെ, രാം ജഠ്മലാനി,കപില്‍ സിപല്‍ തുടങ്ങിയ മഹാമേരുക്കളായ അഭിഭാഷകര്‍ക്കായി കോടികളാണ് പിണറായി സര്‍ക്കാര്‍ ഒഴുക്കിയത്.
ഇപ്പോള്‍ നറുക്കു വീണിരിക്കുന്നതാവട്ടെ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ് നരിമാനും.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കുന്നതിനുള്ള നിയമോപദേശം തേടുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ വന്‍ തുക നരിമാന് നല്‍കുന്നത്.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ക്കെതിരെ നിയമോപദേശം തേടാന്‍ 46.9 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചിലവാക്കുന്നത്. ഇതില്‍ 30 ലക്ഷം രൂപ ഫാലി എസ് നരിമാന്റെ മാത്രം ഫീസാണ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കിക്കഴിഞ്ഞു.
നരിമാന്റെ ജൂനിയര്‍ സുഭാഷ് ചന്ദ്രയ്ക്ക് 9.9 ലക്ഷം രൂപയും, സഫീര്‍ അഹമ്മദിന് നാല് ലക്ഷം രൂപയും ഫീസായി നല്‍കും.
നരിമാന്റെ ക്ലര്‍ക്ക് വിനോദ് കെ ആനന്ദിന് മൂന്ന് ലക്ഷം രൂപയാണ് നല്‍കുക. കേരള നിയമസഭ ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമ ഉപദേശം എഴുതി നല്‍കുന്നതിനാണ് ഫീസ് കൈമാറുന്നത് എന്ന് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഡ്വക്കേറ്റ് ജനറല്‍ കെ.ഗോപാല കൃഷ്ണ കുറുപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
പിണറായി വിജയന് മുഖ്യമന്ത്രി ആയതിന് ശേഷം ഇത് രണ്ടാം തവണയാണ് ഫാലി എസ് നരിമാനില്‍ നിന്ന് നിയമ ഉപദേശം തേടുന്നത്.
കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ള റിട്ട് ഹര്‍ജിയില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നരിമാനില്‍ നിന്ന് നിയമ ഉപദേശം തേടിയിരുന്നു.
തോമസ് ഐസക് ധനകാര്യ മന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് ആണ് അന്ന് അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന സി പി സുധാകര പ്രസാദ് നിയമ ഉപദേശം തേടിയിരുന്നത്.