മുസ്ലിം വ്യക്തി നിയമത്തിന് അടിസ്ഥാനമായ ശരിഅത്ത് നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് വ്യക്തമാക്കി കേരള സര്ക്കാര്.
ഈ നിലപാട് അരക്കിട്ടുറപ്പിച്ചു കൊണ്ട് സുപ്രീം കോടതിയില് ഉടന് സത്യവാങ്മൂലം സമര്പ്പിക്കാനാണ് സര്ക്കാരിന്റെ തീരുമാനം.
ഖുര്ആന് സുന്നത്ത് സൊസൈറ്റി, വി പി സുഹ്റ തുടങ്ങിയവര് സുപ്രീം കോടതിയില് ഫയല് ചെയ്ത സ്പെഷ്യല് ലീവ് പെറ്റിഷനിലാണ് സര്ക്കാര് സത്യവാങ്മൂലം സമര്പ്പിക്കുക.
മുസ്ലിം സ്ത്രീകളുടെ പിന്തുടര്ച്ചാവകാശ കാര്യത്തില് ഇസ്ലാമിക നിയമം വിവേചനം കാട്ടുന്നുവെന്നും, ആ വിവേചനം ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങള് ലംഘിക്കുന്നുവെന്നുമാണ് പരാതിക്കാരുടെ വാദം.
ശരീഅത്ത് നിയമത്തില് അടങ്ങിയിരിക്കുന്ന മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട പിന്തുടര്ച്ചാവകാശ നിയമവും മറ്റെല്ലാ നിയമശാഖകളും ഭരണഘടനയുടെ വ്യവസ്ഥകള്ക്കനുസൃതമാണെന്ന് വ്യക്തമാക്കിയാകും സംസ്ഥാനം സുപ്രീം കോടതിയില് സത്യവാങ്മൂലം സമര്പ്പിക്കുക.
മുസ്ലിം സ്ത്രീകളുടെ പിന്തുടര്ച്ചാവകാശം സംബന്ധിച്ച് മുസ്ലിങ്ങള് പിന്തുടരുന്ന രീതി ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്ന പരാതിക്കാരുടെ ഹര്ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് സ്പെഷ്യല് ലീവ് പെറ്റിഷന് സമര്പ്പിച്ചത്.
മുസ്ലിം വ്യക്തിനിയമം സ്ത്രീകളോട് വിവേചനം കാണിക്കുകയും നിയമത്തിന് മുന്നില് മതം, വംശം, ജാതി, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഭരണഘടനാപരമായ അവകാശങ്ങള് ലംഘിക്കുന്നുവെന്നും പരാതിക്കാര് വാദിച്ചിരുന്നു.
എന്നാല്, ഹര്ജിയില് തീര്പ്പുകല്പ്പിക്കാന് കഴിയില്ലെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി, പ്രശ്നങ്ങള് പരിഗണിച്ചുള്ള നിയമനിര്മാണം നിയമസഭയ്ക്ക് വിടുകയായിരുന്നു.
എന്നാല്, നിലവിലുള്ള ആചാരങ്ങളും നടപടിക്രമങ്ങളും തുടരണമെന്ന് സംസ്ഥാന സര്ക്കാര് വിളിച്ചുചേര്ത്ത മതനേതാക്കളുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും ഉന്നതതല യോഗം ഏകകണ്ഠമായി അഭ്യര്ത്ഥിച്ചതിനെത്തുടര്ന്ന് ഈ വിഷയത്തില് നിയമനിര്മാണം നടത്തേണ്ടതില്ലെന്ന് സംസ്ഥാന സര്ക്കാര് തീരുമാനിച്ചു.
ഇസ്ലാം അംഗീകരിച്ച തത്വങ്ങളുടെ അടിസ്ഥാനത്തില് മുസ്ലിം സമുദായത്തില്പ്പെട്ട ഒരാള്ക്ക് വിവേചനത്തെക്കുറിച്ച് പരാതിപ്പെടാന് കഴിയില്ലെന്ന് സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയില് വാദിക്കും.
പിന്തുടര്ച്ചാവകാശ തത്വങ്ങള് ഇസ്ലാമിക നിയമങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ഗ്രാഹ്യത്തിന് വിരുദ്ധമാണെന്ന് ഹര്ജിക്കാര്ക്ക് തോന്നുന്നുവെങ്കില്, അവരുടെ മനസ്സാക്ഷിക്ക് അനുസൃതമായി പ്രവര്ത്തിക്കാന് അവര്ക്ക് സ്വാതന്ത്ര്യമുണ്ട്.
എന്നാല്, കോടതിയിലൂടെ അവര്ക്ക് അവരുടെ കാഴ്ചപ്പാടുകള് നടപ്പിലാക്കാന് കഴിയില്ലെന്നും സര്ക്കാര് വാദിക്കും.
പിന്തുടര്ച്ചാവകാശത്തില് സ്ത്രീകള് വിവേചനം അനുഭവിക്കുന്നുവെന്ന ഹര്ജിക്കാരുടെ വാദത്തെ സര്ക്കാര് എതിര്ക്കുമെന്നും അവര് ഉയര്ത്തുന്ന വാദം ശരിയല്ലെന്നും നിലനില്ക്കുന്നതല്ലെന്നും വാദിക്കുമെന്നും നിയമ വൃത്തങ്ങള് സൂചിപ്പിക്കുന്നതായി ദ ഹിന്ദു റിപ്പോര്ട്ട് ചെയ്യുന്നു.